പാരിസ് > ഭാരപരിശോധനയില് പരാജയപ്പെട്ട് ഒളിമ്പിക്സ് 50 കിലോഗ്രാം ഗുസ്തിയില് നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയായ സംഭവത്തില് ശക്തമായ വിമര്ശനവുമായി മുന് ബോക്സിങ് താരം വിജേന്ദര് സിങ്. ഇന്ത്യയിലെ ഗുസ്തി താരങ്ങളെ തകര്ക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ അയോഗ്യത നടപടിയെന്ന് വിജേന്ദര് സിങ് പറഞ്ഞു. ദേശീയ മാധ്യമങ്ങളിലൂടെയാണ് 2008 ബീജിങ് ഒളിമ്പിക്സിലെ വെങ്കല മെഡല് ജേതാവ് കൂടിയായ വിജേന്ദര് സിങ് വിമര്ശനമുന്നയിച്ചത്.
‘വിനേഷ് ഫോഗട്ടിന്റെ പാരിസ് ഒളിമ്പിക്സിലെ പ്രകടനം പ്രത്യേകം അഭിനന്ദനം അര്ഹിക്കുന്നുണ്ട്. എന്നാല് ചിലര്ക്ക് ഇത് അംഗീകരിക്കാന് കഴിയാതെ വന്നേക്കാം. ഞങ്ങള്ക്ക് ഒറ്റ രാത്രി കൊണ്ട് അഞ്ച് മുതല് ആറ് കിലോഗ്രാം വരെ കുറയ്ക്കാന് കഴിയും, പിന്നെയാണോ ഈ 100 ഗ്രാം? ആര്ക്കൊക്കെയൊ എന്തൊക്കെയൊ പ്രശ്നങ്ങളുണ്ടായിരുന്നു, അതിനാലാണ് ഈ അയോഗ്യതാ നടപടി. അവള്ക്ക് 100 ഗ്രാം കുറയ്ക്കുന്നതിനുള്ള സാഹചര്യമുണ്ടായിരുന്നു, എന്നിട്ടും ഇങ്ങനെ സംഭവിച്ചു.’– വിജേന്ദര് സിങ് ഇന്ത്യ ടുഡേയ്ക്ക് നല്കിയ പ്രതികരണത്തില് പറഞ്ഞു.
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവം അട്ടിമറിയാണ് എന്ന് വിജേന്ദര് സിങ് ദേശീയ മാധ്യമമായ പിടിഐയോട് പറഞ്ഞു. ഇന്ത്യ ഒരു കായിക രാജ്യമായി ഉയര്ന്നുവരുന്നത് കാണാന് ആഗ്രഹിക്കാത്തവരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.