Vinesh Phogat Disqualified: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഇന്നു രാവിലെ നടന്ന ഭാരപരിശോധനയിൽ താരം പരാജയപ്പെട്ടു. അനുവദനീയമായതിലും 100 ഗ്രാം കൂടുതലാണ് താരത്തിന്റെ ഭാരം. ഇതോടെ താരത്തിന് ഫൈനലിൽ മൽസരിക്കാനാവില്ല. മെഡലിനും അർഹതയുണ്ടാകില്ലെന്നാണ് വിവരം. നിലവിൽ വെള്ളി മെഡൽ ഒഴിവാക്കി സ്വർണവും വെങ്കലവും നൽകാനാണ് ഒളിമ്പിക്സ് അസോസിയേഷന്റെ തീരുമാനമെന്നാണ് വിവരം.
പാരിസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈൽ ഗുസ്തിയിലാണ് വിനേഷ് ഫൈനലിൽ എത്തിയത്. സെമിയിൽ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനൽ പ്രവേശനം നേടിയത്. ഇതോടെ ഒളിംപിക്സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും വിനേഷിന്റെ പേരിലായിരുന്നു.
നേരത്തെ യുക്രൈനിന്റെ ഒസ്‌കാന ലിവാച്ചിനെ മലർത്തിയടിച്ചാണ് വിനേഷ് സെമിയിലെത്തിയത്. പ്രീ ക്വാർട്ടറിൽ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാൻറെ യു സുസാകിയെ 3-2ന് അട്ടിമറിച്ചാണ് വിനേഷ് ക്വാർട്ടറിൽ കടന്നത്. കഴിഞ്ഞ വർഷം ഡൽഹി ജന്തർ മന്ദിറിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു വിനേഷ് ഫോഗട്ട്.