ധാക്ക > നൊബേൽ പുരസ്കാര ജേതാവ് മൊഹമ്മദ് യൂനുസ് ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിനെ നയിക്കും. ജനകീയമുന്നേറ്റത്തില് ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ചതിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരുന്നു ബംഗ്ലാദേശ്. പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീൻ ചൊവ്വാഴ്ച പാർലമെന്റ് പിരിച്ചുവിട്ടതോടെയാണ് രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി വഖർ ഉസ് സമാൻ അറിയിച്ചിരുന്നു.
സൈനിക ഭരണത്തെയോ, സൈന്യം പിന്തുണയ്ക്കുന്ന സർക്കാരിനെയോ അംഗീകരിക്കില്ലെന്നും മൊഹമ്മദ് യൂനുസിനെ മുഖ്യഉപദേഷ്ടാവാക്കി ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നുമായിരുന്നു പ്രക്ഷോഭം നയിച്ച “വിവേചനവിരുദ്ധ വിദ്യാര്ഥി പ്രസ്ഥാന’ത്തിന്റെ നിലപാട്. വിദ്യാര്ഥി പ്രസ്ഥാനത്തിന്റെ നേതാക്കളുമായി പ്രസിഡന്റ് ഔദ്യോഗിക വസതിയിൽ ചർച്ച നടത്തിയിരുന്നു. മുഖ്യഉപദേഷ്ടാവാകാൻ തയ്യാറാണെന്ന് യൂനുസ് പ്രതികരിച്ചു.
ഇന്ന് രാവിലെ ബംഗ്ലാദേശ് പ്രസ് സെക്രട്ടറി ജോയ്നൽ അബെദീനാണ് മൊഹമ്മദ് യൂനസ് നേതൃസ്ഥാനത്തേക്ക് എത്തുന്ന തീരുമാനം പ്രഖ്യാപിച്ചത്. സൈനിക മേധാവികൾ, വിദ്യാർത്ഥി പ്രതിഷേധ സംഘാടകർ, വ്യവസായ പ്രമുഖർ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവരുൾപ്പെട്ട യോഗത്തിലാണ് തീരുമാനം.