തിരുവനന്തപുരം
ക്രമസമാധാനം ഉറപ്പിക്കുന്നതിനൊപ്പം ആപൽഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സേനയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് രക്ഷാദൗത്യത്തിൽ കേരള പൊലീസ് വലിയ പങ്കാണ് വഹിച്ചത്. കോവിഡ്, പ്രളയകാലത്തും തങ്ങൾ ജനങ്ങൾക്കൊപ്പമുണ്ടെന്ന് പൊലീസ് തെളിയിച്ചതാണ്. മനുഷ്യസ്നേഹത്തിന്റെ യഥാർഥ സത്ത കാത്തുസൂക്ഷിക്കാൻ പൊലീസ് സേനയ്ക്കാകണം.
തിരുവനന്തപുരം എസ്എപി ക്യാമ്പിലെ 179 പേരുടെയും കെഎപി അഞ്ചാം ബറ്റാലിയനിലെ 154 പേരുടെയും പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പൊലീസ് പലതരത്തിലും രാജ്യത്തിന് മാതൃകയാണ്. സേനയുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ സർക്കാരിനായി.
സൈബർ ഫോറൻസിക് വിഭാഗവും സൈബർ ഡിവിഷനും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും സേനയിൽ വനിതകളുടെ എണ്ണം വർധിപ്പിച്ചതുമെല്ലാം സർക്കാർ ഇടപെടലിന്റെ ഉദാഹരണങ്ങളാണ്. പൊതുജനങ്ങളോട് സൗമ്യമായും കുറ്റവാളികളോട് കർക്കശവുമായിരിക്കണം പൊലീസിന്റെ ഇടപെടൽ. കുറ്റവാളികൾക്ക് സ്വാധീനിക്കാൻ കഴിയാത്തവരാണ് തങ്ങളെന്ന സന്ദേശം പ്രവർത്തനത്തിലൂടെ നൽകാൻ പൊലീസിന് സാധിക്കണം– അദ്ദേഹം പറഞ്ഞു.