തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരാഴ്ചയ്ക്കകം വയനാടിനായി ലഭിച്ചത് 53.98 കോടി രൂപയുടെ സഹായം. ജൂലൈ 30 മുതൽ തിങ്കൾ വൈകിട്ട് അഞ്ചുവരെ ലഭിച്ചതാണ് ഈ തുക.
ജൂലൈ 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പോർട്ടൽവഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങൾ സിഎംഡിആർഎഫ് വെബ്സൈറ്റിലുണ്ട്. 2018 ആഗസ്ത് മുതൽ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക്/ ഡ്രാഫ്റ്റ്/ നേരിട്ട് ലഭിക്കുന്ന തുക എന്നിവയുടെ വിവരങ്ങളും ഉടൻ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.
ബിപിസിഎൽ– കൊച്ചി റിഫൈനറി 10 കോടി നൽകും
കൊച്ചി
വയനാട് ദുരിതബാധിതർക്കായി ബിപിസിഎൽ– കൊച്ചി റിഫൈനറി 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. തുക അടുത്തദിവസം കൈമാറും.