കൊച്ചി
തിരുവനന്തപുരം പള്ളിത്തറ സ്വദേശി ജെറ്റ് സന്തോഷ് എന്ന സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരുടെ വധശിക്ഷയടക്കം റദ്ദാക്കി എല്ലാ പ്രതികളെയും ഹെെക്കോടതി വെറുതെവിട്ടു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ഒന്നാംപ്രതി ജാക്കി എന്ന അനിൽ കുമാർ, ഏഴാംപ്രതി അമ്മക്കൊരു മകൻ സോജു എന്ന അജിത് കുമാർ എന്നിവർക്കായിരുന്നു വധശിക്ഷ. കൂട്ടുപ്രതികളായ സി എൽ കിഷോർ, സുരേഷ് കുമാർ, പ്രാവ് ബിനു എന്ന ബിനുകുമാർ, ബിജുകുട്ടൻ, ഷാജി എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിച്ചിരുന്നത്.
സന്തോഷ് കുമാറിന്റെ അമ്മയടക്കമുള്ള സാക്ഷികൾ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. പൊലീസ് മാപ്പുസാക്ഷിയാക്കിയ നാലാംപ്രതി നസിറുദീന്റെ മൊഴി തെളിയിക്കാനും കഴിഞ്ഞില്ല. കുറ്റകൃത്യവുമായി പ്രതികളെ ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കി. സംഭവസമയത്ത് പ്രതികൾ വാടകയ്ക്ക് വിളിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു നസിറുദീൻ. പത്രവാർത്ത കണ്ടാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പിന്നീട് നസിറുദീൻ പറഞ്ഞിരുന്നു. പ്രധാനസാക്ഷികൾ കൂറുമാറിയ സാഹചര്യത്തിൽ നസിറുദീന്റെ മൊഴികളാണ് പൊലീസും പ്രോസിക്യൂഷനും ആധാരമാക്കിയിരുന്നത്.
പൊരുത്തക്കേടുകൾ നിലനിൽക്കേ വധശിക്ഷയടക്കം വിധിച്ച വിചാരണക്കോടതി ഉത്തരവ് നിയമപരമല്ലെന്നു വ്യക്തമാക്കിയാണ് എല്ലാവരെയും വെറുതെവിട്ടത്.
പന്ത്രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്. 11––ാംപ്രതി ഒളിവിലാണ്. മൂന്നാംപ്രതി ഉഷ, 12–-ാംപ്രതി ബോബി എന്നിവരെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. ആറാംപ്രതി ആറ്റുപുറം അനിൽകുമാർ വിചാരണയ്ക്കിടെ മരിച്ചു.
2004 നവംമ്പർ 22നായിരുന്നു കൊലപാതകം. റിട്ടയേഡ് എഎസ്ഐയെ കൊലപ്പെടുത്തിയതിലടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു ജെറ്റ് സന്തോഷ്. പ്രതികൾ മുൻവൈരാഗ്യത്തിൽ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്. പ്രതികൾ ഒമ്പതുവർഷമായി ജയിലിലാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ എസ് യു നാസറും പ്രതികൾക്കായി സീനിയർ അഭിഭാഷകരായ പി വിജയഭാനു, ബി രാമൻപിള്ള എന്നിവരും ഹാജരായി.