തിരുവനന്തപുരം > സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകൾക്കും ബറ്റാലിയനുകൾക്കുമായി വാങ്ങിയ 117 വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. പൊലീസ് സ്റ്റേഷനുകൾക്കായി 55 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ, മലയോര മേഖലയിലെ പൊലീസ് സ്റ്റേഷനുകൾക്കായി ഫോർവീൽ ഡ്രൈവുള്ള രണ്ട് മാരുതി ജിമ്നി വാഹനങ്ങൾ, ജില്ലകൾക്കായി രണ്ടു മീഡിയം ബസ്സുകൾ, ബറ്റാലിയനുകൾക്കായി മൂന്നു ഹെവി ബസുകൾ എന്നിവയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഹോണ്ട യൂണികോൺ വിഭാഗത്തിൽപ്പെട്ട 30 ഇരുചക്രവാഹനങ്ങളും ബജാജ് പൾസർ 125 വിഭാഗത്തിൽപ്പെട്ട 25 ഇരുചക്ര വാഹനങ്ങളും പുറത്തിറക്കി.
2023-24 സാമ്പത്തികവർഷത്തിൽ 151 വാഹനങ്ങൾ വാങ്ങുന്നതിനായി 1,203.63 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇവയിൽ 117 വാഹനങ്ങളാണ് പുറത്തിറക്കിയത്. തിരുവനന്തപുരത്ത് പേരൂർക്കട എസ്എപി ബറ്റാലിയനിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, മറ്റു മുതിർന്ന പോലീസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.