മേപ്പാടി > വയനാട്ടിൽ ഉരുൾപൊട്ടലിൽ പൂർണമായി തകർന്ന വെള്ളാർമല സ്കൂൾ പുനർ നിർമിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാൻ ചേർന്ന യോഗങ്ങൾക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ ക്യാമ്പ് മാറ്റുന്നതനുസരിച്ച് മേപ്പാടി സ്കൂളിൽ പഠനം പുനഃരാരംഭിക്കും. വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ കുട്ടികളെ ഇവിടെ ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. ഇക്കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള നോഡൽ ഓഫീസറായി വയനാട് ഡെപ്യൂട്ടി ഡയറക്ടറെ നിയമിച്ചു. ഇതിന് മേൽനോട്ടം വഹിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐഎഎസിനെയും ചുമതലപ്പെടുത്തി.
20 ദിവസത്തിനകം സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തബാധിതരായ കുട്ടികൾക്ക് കൗൺസലിങ് നൽകും. ദുരന്തം ബാധിച്ച രണ്ട് സ്കൂളുകളിലെ സെപ്റ്റംബർ മാസത്തിലെ ആദ്യപാദ പരീക്ഷ മാറ്റിവെച്ചു. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട കുട്ടികൾക്ക്, തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ഉദ്യോഗസ്ഥർ വയനാട്ടിലെത്തി ക്യാമ്പ് നടത്തി സർട്ടിഫിക്കറ്റുകൾ നൽകും. കുട്ടികളുടെ യാത്ര സംബന്ധിച്ച കാര്യങ്ങൾ കെഎസ്ആർടിസിയുമായി ആലോചിക്കും.
ബദൽ സംവിധാനങ്ങളും സജ്ജമാക്കും. കുട്ടികളുടെ ഉച്ചഭക്ഷണത്തിനും സംവിധാനമൊരുക്കും. തകർന്ന മുണ്ടക്കൈ സ്കൂൾ പുനർനിർമിക്കാമെന്ന് മോഹൻലാൽ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തിൽ അദ്ദേഹവുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ സജി ചെറിയാൻ, ഒ ആർ കേളു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.