കോഴിക്കോട് > പന്തീരാങ്കാവ് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാഹുൽ കുറ്റക്കാരനല്ല വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് രാഹുലിനെതിരെ പരാതി നൽകിയതെന്നാണ് പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കൊപ്പം യുവതിയും സത്യവാങ്മൂലവും കോടതിയിൽ നൽകിയത്. ഹർജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും.
ഭാര്യയുമായുളള സകല തെറ്റിദ്ധാരണകളും മാറിയെന്ന് രാഹുലും കോടതിയെ അറിയിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് പോവുകയായിരുന്നു. കേസിൽ രാഹുലാണ് ഒന്നാം പ്രതി. വധശ്രമം, സ്ത്രീപീഡനം, ഗാര്ഹിക പീഡനം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. കേസില് 5 പ്രതികളാണുള്ളത്. രാഹുലിന്റെ അമ്മയും സഹോദരിയുമാണു രണ്ടും മൂന്നും പ്രതികള്. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും പൊലീസ് ഓഫിസര് ശരത് ലാല് അഞ്ചാം പ്രതിയുമാണ്. ഗാര്ഹിക പീഡനമാണ് അമ്മയ്ക്കും സഹോദരിക്കും എതിരെ ചുമത്തിയത്. രാഹുലിനെ രക്ഷപ്പെടാന് സഹായിച്ചുവെന്നതാണ് രാജേഷിനും പൊലീസുകാരനും എതിരായ കുറ്റം.