കുടുംബങ്ങൾക്ക് സ്ഥലം വിട്ടുനൽകി ബത്തേരി സ്വദേശി
തിരുവനന്തപുരം > വയനാട് പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന രണ്ടു കുടുംബത്തിന് സ്ഥലം വിട്ടുനൽകി സുൽത്താൻ ബത്തേരി സ്വദേശി. മുകളേൽ ഹൗസിൽ മുഹമ്മദ് അബ്ദുൽ റഹ്മാനാണ് സ്ഥലം കൈമാറാനുള്ള സന്നദ്ധത മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്.
തന്റെ പേരിൽ പാലക്കാട് ജില്ലയിലെ തേങ്കുറുശിയിലുള്ള 11 സെന്റ് സ്ഥലം വിട്ടുനൽകാമെന്ന് അദ്ദേഹം അറിയിച്ചു. 5.5 സെന്റ് വീതം രണ്ടു കുടുംബത്തിന് നൽകാനോ അവിടെ വീട് നിർമിക്കാൻ ആരും തയ്യാറാകുന്നില്ലെങ്കിൽ സ്ഥലം വിൽപ്പന നടത്തി തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനോ ഉള്ള സമ്മതപത്രവും മുഖ്യമന്ത്രിക്ക് നൽകി. പ്രവാസി വ്യവസായിയായ അബ്ദുറഹ്മാനുവേണ്ടി സഹോദരീ പുത്രി ഹെയ്ദി സാൻഡെ മറിയം സ്ഥലത്തിന്റെ പ്രമാണങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി.
സിപിഐ എം പാലക്കാട് ജില്ലാകമ്മിറ്റി 7 ലക്ഷം നൽകി
ദുരന്തത്തിൽനിന്ന് കരകയറാൻ വയനാടിന് കൈത്താങ്ങാവാൻ സിപിഐ എം പാലക്കാട് ജില്ലാകമ്മിറ്റി. ഏഴുലക്ഷം രൂപ ജില്ലാകമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വയനാടിനെ സഹായിക്കാനുള്ള നാടിന്റെ പരിശ്രമത്തിനൊപ്പം കൈകോർക്കുകയാണ് ജില്ലാ കമ്മിറ്റിയും.
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഒന്നരക്കോടി കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഒന്നരക്കോടി രൂപയും ബോർഡിലെ ജീവനക്കാരുടെ 1,70,000 രൂപയും മന്ത്രി വി ശിവൻകുട്ടിക്ക് ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ കൈമാറി. ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് പി മനോഹർ പങ്കെടുത്തു.
കടമുറികളും തൊഴിലും നൽകാൻ അൽ മുക്താദിർ ഗ്രൂപ്പ്
കൊല്ലം
വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി അൽ മുക്താദിർ ഗ്രൂപ്പ്. ചെയർമാൻ മുഹമ്മദ് മൻസൂർ അബ്ദുൽ സലാം ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അഭ്യസ്തവിദ്യരായ 100 പേർക്ക് തൊഴിൽ നൽകാനും ദുരന്തത്തിൽ കച്ചവടസ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്ക് കച്ചവടം ചെയ്യാൻ കടമുറികൾ നൽകാനും വിദ്യാർഥികൾക്ക് പഠനസഹായമേകാനും സന്നദ്ധത അറിയിച്ചു.
വീടൊരുക്കാൻ പന്തല്ലൂരിൽ ഇടമുണ്ട്
ചൂരൽമലയിലും മുണ്ടക്കൈയിലും വീട് നഷ്ടപ്പെട്ടവർക്ക് ഭൂമിനൽകാമെന്നറിയിച്ച് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി. അഞ്ച് കുടുംബങ്ങൾക്ക് മൂന്ന് സെന്റ് വീതം നൽകുമെന്ന് പന്തല്ലൂർ ലോക്കലിലെ ഊത്താലകുണ്ട് ബ്രാഞ്ച് സെക്രട്ടറി നെച്ചികാടൻ ഫൈസൽ ബാബു ഫേസ്ബുക്കിൽ കുറിച്ചു.
മലപ്പുറം ആനക്കയം പഞ്ചായത്തിലെ പന്തല്ലൂരിൽ താമസിക്കാൻ തയ്യാറുള്ളവർക്കാണ് ഭൂമി നൽകുക. നേരിട്ടുബന്ധപ്പെടാൻ 9895826386 നമ്പറും കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. കവളപ്പാറ ദുരന്തവേളയിൽ ഫൈസൽ ബാബുവിന്റെ നേതൃത്വത്തിൽ ബ്രാഞ്ച് ഭക്ഷണവും വസ്ത്രവും ശേഖരിച്ച് രണ്ട് ലോറികളിലായി എത്തിച്ചിരുന്നു. കൊറോണ സമയത്തും കൈമെയ് മറന്ന് പ്രവർത്തിച്ചു.
കെടിഡിസി 50 ലക്ഷം നൽകി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷൻ (കെടിഡിസി ) 50 ലക്ഷം രൂപ സംഭാവന നൽകി. ചെയർമാൻ പി കെ ശശി, എംഡി ശിഖ സുരേന്ദ്രൻ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി.
സഹായവുമായി ബഡ്ഡീസ് ലേണിങ് സൊല്യൂഷൻസ്
വയനാടിന് കൈത്താങ്ങുമായി സ്റ്റാർട്ട് അപ്പ് കമ്പനി. എട്ടു മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്കൂളുകൾക്കും സൗജന്യ സേവനം നൽകാൻ ബഡ്ഡീസ് ലേണിങ് സൊല്യൂഷൻസ് സന്നദ്ധത അറിയിച്ചു. connect@buddiz.ai എന്ന ഇമെയിൽ വഴിയോ 9747100333 എന്ന ഫോണിലൂടെയൊ ബന്ധപ്പെടാമെന്ന് സിഇഒ അനൂപ് ശ്രീരാജ് അറിയിച്ചു.
എസ്യുടി 50 ലക്ഷം നൽകി
ദുരിതാശ്വാസ നിധിയിലേക്ക് എസ്യുടി അക്കാദമി ഓഫ് മെഡിക്കൽ സയൻസ് 50,34,000 രൂപ നൽകി. ഡോക്ടർമാരും ജീവനക്കാരും സമാഹരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
പ്രാർഥിച്ച് മാർപ്പാപ്പ
വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്കായ് പ്രാർഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. കേരളത്തിലെ കടുത്ത മഴയിൽ നിരവധി പേർ മരിച്ചതും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതും ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സംഘടിപ്പിച്ച പ്രാർഥനായോഗത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അനുസ്മരിച്ചു.