ധാക്ക> ഷേഖ് ഹസീന രാജി വെച്ച് രാജ്യം വിട്ടതിനു പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ബംഗ്ലാദേശ് ചീഫ് ഓഫ് ആർമി സ്റ്റാഫ് വഖാർ ഉസ് സമാൻ. ” നിങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്ന് വാക്കുനൽകുന്നു’ വെന്നും ഉസ് സമാൻ പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ രാജി പ്രഖ്യാപിച്ച ഉസ് സമാൻ സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ സർക്കാർ രൂപീകരണത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
ആരാണ് വഖാർ ഉസ് സമാൻ?
58 കാരനായ ബംഗ്ലദേശ് ചീഫ് ഓഫ് ആർമി സ്റ്റാഫ് വഖാർ ഉസ് സമാൻ 1966 സെപ്റ്റംബർ 16ന് ബംഗ്ലാദേശിലെ ധാക്കയിൽ ജനിച്ചു. ബംഗ്ലാദേശ് സൈന്യത്തിന്റെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ അദ്ദേഹം ബംഗ്ലാദേശ് സൈനിക അക്കാദമി, ജോയിന്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ് ബ്രിട്ടൻ, ബംഗ്ലദേശ് ഡിഫൻസ് സർവീസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1985 ഡിസംബർ 20ന് സൈന്യത്തിൽ സേവനം ആരംഭിച്ചു.
2020ൽ ലഫ്റ്റനന്റ് ജനറലായും പിന്നീട് ആംഡ് ഫോഴ്സ് ഡിവിഷന്റെ 15ാമത് പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസറായും ചുമതലയേറ്റു. 2023 ഡിസംബർ 29ന് ബംഗ്ലാദേശ് കരസേനയുടെ മേധാവിയിയായ സമാൻ സൈന്യത്തിന്റെ തന്ത്രപരമായ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചു. 2024 ജൂണിൽ ബംഗ്ലാദേശിന്റെ സംയുക്ത സൈനിക മേധാവിയായി നിയമിക്കപ്പെട്ടു. അംഗോളയിലും ലൈബീരിയയിലും സമാൻ യുഎൻ സമാധാനസേനാംഗമായി പ്രവർത്തിച്ചിട്ടുണ്ട് .