തിരുവനന്തപുരം> വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കെഫോൺ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകി. ദുരന്തബാധിത പ്രദേശത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂ കൺട്രോൾ റൂമിലേക്കും പൊലീസ് കൺട്രോൾ റൂമിലേക്കും അതിവേഗ 500 എംബിപിഎസ് കണക്ഷനുകളാണ് നൽകിയത്.
വയനാട് സബ് കലക്ടറുടെ ആവശ്യപ്രകാരം കെഫോൺ വൈഫൈ ഉപയോഗിക്കാനാവുന്ന കണക്ഷനുകളാണ് നൽകിയത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലാ ഭരണകേന്ദ്രങ്ങളും തമ്മിലുള്ള ആശയവിനിമയം ധ്രുതഗതിയിൽ നടത്താനായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് കെഫോൺ കണക്ഷൻ ലഭ്യമാക്കിയതെന്ന് കെഫോൺ എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.
എൻജിനിയർമാരുടെ പരിശ്രമം കാരണമാണ് ഇത്ര വേഗത്തിൽ കണക്ഷൻ ലഭ്യമാക്കാൻ കഴിഞ്ഞത്. ദുരിതാശ്വാസ പ്രവർത്തകരെ പിന്തുണയ്ക്കാൻ തടസമില്ലാത്ത ആശയവിനിമയം കെഫോൺ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.