ലണ്ടൻ> യുകെയുടെ വിവിധ ഭാഗങ്ങളിലായി തീവ്ര വലതുപക്ഷവാദികൾ നടത്തിയ കുടിയേറ്റ വിരുദ്ധകലാപത്തിൽ 100 പേർ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ലണ്ടനിലെ സൗത്ത്പോർട്ടിൽ പതിനേഴുവയസുകാരന്റെ കുത്തേറ്റ് മൂന്ന് പെൺകുട്ടികൾ തിങ്കളാഴ്ച കൊല്ലപ്പെട്ടിരുന്നു. ആക്രമി മുസ്ലീം കുടിയേറ്റക്കാരനാണെന്ന കുപ്രചാരണത്തെതുടർന്ന് സൗത്ത്പോർട്ടിലെ മസ്ജിദ് ആക്രമിച്ച കലാപകാരികൾ കടകൾക്ക് തീവയ്ക്കുകയും പൊലീസിനെ കല്ലെറിയുകയും ചെയ്തു. ഇംഗ്ലീഷ് ഡിഫൻസ് ലീഗ് എന്ന തീവ്രദേശീയസംഘടനയാണ് കലാപത്തിന് നേതൃത്വം നൽകുന്നത്.
കൊലയാളി മുസ്ലീമല്ലെന്നും യുകെയിൽ ജനിച്ചയാളാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും കലാപം തുടരുകയാണ്. അസ്വാരസ്യങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടർന്നതോടെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ കലാപം പ്രതിരോധിക്കുന്ന പൊലീസിന് പൂർണപിന്തുണ അറിയിച്ചു. സമാധാനം തകർക്കുന്ന കലാപകാരികൾ വലിയ വില നൽകേണ്ടി വരുമെന്ന് യുകെ ഹോം സേക്രട്ടറി യുവെറ്റ് കൂപ്പറും പ്രതികരിച്ചു.