മേപ്പാടി > വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളിൽ തിരിച്ചറിയാനുള്ളത് 71 പേരെ. 132 ശരീരഭാഗങ്ങളും തിരിച്ചറിയാനായിട്ടില്ല. ഇവ ജില്ലാഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. ബന്ധുക്കൾക്ക് തിരിച്ചറിയാനാകാതെ പോയ മൃതദേഹങ്ങൾ പുത്തുമലയിൽ ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ പ്രത്യേക പൊതു ശ്മശാനത്തിൽ സംസ്കരിക്കുന്നത് തുടരുകയാണ്. ഇന്നലെ എട്ട് മൃതദേഹങ്ങൾ ഇവിടെ സംസ്കരിച്ചിരുന്നു. ഇന്നും സർവമത പ്രാർഥനയോടെ കൂട്ടസംസ്കാരം നടക്കും.
222 മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 97 പുരുഷന്മാരും 88 സ്ത്രീകളും 37 കുട്ടികളുമാണുള്ളത്. 180 ശരീര ഭാഗങ്ങളും കണ്ടെത്തി. 172 മൃതദേഹം ബന്ധുകള് തിരിച്ചറിഞ്ഞു. 222 മൃതദേഹങ്ങളുടെയും 161 ശരീരഭാഗങ്ങളുടെയും പോസ്റ്റുമോര്ട്ടം പൂർത്തിയായി. 135 മൃതദേഹം ബന്ധുക്കള്ക്ക് കൈമാറി. ദുരന്ത പ്രദേശത്ത് നിന്നും 572 പേരെ ആശുപത്രികളില് എത്തിച്ചു. ഇതിൽ 91 പേർ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില് നിലവിൽ ചികിത്സയിലുണ്ട്.