കൊച്ചി
ഇടറുന്ന മനസ്സോടെ സിദ്ദിഖിന്റെ ചിത്രത്തില് ലാൽ തൊട്ടു, മുത്തം നൽകി. പിന്നെ എന്നത്തേയുംപോലെ ആ തോളിൽ കൈയിട്ടു. ഒപ്പമുണ്ടായിരുന്ന ഹരിശ്രീ അശോകന്റെയും കലാഭവൻ പ്രസാദിന്റെയും മിഴികൾ നിറഞ്ഞു. കലാജീവിതത്തിലെ ആദ്യതട്ടകമായിരുന്ന കലാഭവനിൽ സംവിധായകന് സിദ്ദിഖിന്റെ ചിത്രം അനാച്ഛാദനം ചെയ്തപ്പോൾ പ്രിയ കൂട്ടുകാരുടെ ഓർമകളിൽ കണ്ണീർനനവ്. ചിത്രം ലാൽ അനാച്ഛാദനം ചെയ്തു.
ചിത്രത്തിനുതാഴെ ഒരുക്കിയ സിദ്ദിഖിന്റെ കട്ടൗട്ടിലായിരുന്നു ലാലിന്റെ സ്നേഹചുംബനം. കലാഭവൻ പ്രസിഡന്റ് ഡോ. ചെറിയാൻ കുനിയന്തോടത്ത് അധ്യക്ഷനായി. കെ എ അലി അക്ബർ, ജെ എസ് വിദ്വൽ പ്രഭ, പി ജെ ഇഗ്നേഷ്യസ്, എം വൈ ഇക്ബാൽ, അഡ്വ. വർഗീസ് പറമ്പിൽ എന്നിവർ സംസാരിച്ചു.
സിദ്ദിഖ് സ്മാരക സമിതി സംഘടിപ്പിച്ച ചടങ്ങും പ്രിയകലാകാരനെ സ്നേഹിക്കുന്നവരുടെ ഒത്തുചേരലായി. പ്രഥമ സിദ്ദിഖ് സ്മാരക പുരസ്കാരം പ്രൊഫ. എം കെ സാനുവിന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ സമ്മാനിച്ചു. 50,000 രൂപ ഹൈബി ഈഡൻ എംപി കൈമാറി. പി എ മെഹ്ബൂബ് രചിച്ച “സിദ്ദിഖ് ചിരിയുടെ രസതന്ത്രം’ പുസ്തകം എൻ ജഹാംഗീർ പ്രകാശിപ്പിച്ചു.
ജീവിതത്തിന്റെ സങ്കീർണതകൾക്കും വൈവിധ്യങ്ങൾക്കും ഇടയിൽ പ്രത്യാശ പതിപ്പിച്ചാണ് സിദ്ദിഖ് കടന്നുപോയതെന്ന് സാനു പറഞ്ഞു. ഔസേപ്പച്ചൻ് ജോണി ലൂക്കോസ്, ടി ജെ വിനോദ് എംഎൽഎ, കലാഭവൻ റഹ്മാൻ, കെ എൽ മോഹനവർമ, എ ജയശങ്കർ, ബേണി, തമ്പാൻ തോമസ്, സിഐസിസി ജയചന്ദ്രൻ, ആർ ഗോപാലകൃഷ്ണൻ എന്നിവർ ഓർമകൾ പങ്കിട്ടു.