ഇടുക്കി> കുട്ടികളടക്കം 70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് ചൊവ്വാഴ്ച നാലുവർഷം പൂർത്തിയാകും. ദുരന്തം അതിജീവിച്ചവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായധനം നൽകി പുനരധിവാസവും മാതൃകാപരമായി പൂർത്തീകരിച്ചു കഴിഞ്ഞു.
എന്നാൽ കേന്ദ്രസർക്കാർ അന്ന് പ്രഖ്യാപിച്ച രണ്ടുലക്ഷംരൂപ ഇനിയും നൽകിയിട്ടില്ല.
മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപവീതം മൂന്നരകോടി നൽകി. പരിക്കേറ്റവരുടെ ചികിത്സാചെലവുകളും സർക്കാർ ഏറ്റെടുത്തു. ഇതെല്ലാം ദുരിതാശ്വാസ നിധിയിൽനിന്നായിരുന്നു. എട്ട് കുടുംബങ്ങൾക്ക് കണ്ണൻ ദേവൻ കമ്പനിയുടെ സഹായത്തോടെ കുറ്റ്യാർവാലിയിൽ ആധുനിക സൗകര്യങ്ങളോടെ വീടും നിർമിച്ച് നൽകി. ദുരന്തശേഷം രണ്ടുവർഷത്തിനുള്ളിൽ പുനരധിവാസം പൂർത്തിയായി.
മൂന്നാറിൽനിന്ന് 25 കിലോമീറ്റർ അകലെ കണ്ണൻ ദേവൻ കമ്പനിയുടെ പെട്ടിമുടി തേയില തോട്ടത്തിലാണ് ദുരന്തമുണ്ടായത്.
22 കുടുംബങ്ങൾ താമസിച്ചിരുന്ന നാല് ലയങ്ങളുടെ മുകളിലേക്ക് മൂന്നു കിലോമീറ്റർ ഉയരത്തിൽനിന്ന് ഉരുൾപൊട്ടി മലയിടിഞ്ഞെത്തുകയായിരുന്നു.
82പേരിൽ രക്ഷപ്പെട്ടത് 12പേർമാത്രം. നാലുപേരുടെ മൃതദേഹം ഇതുവരെ കണ്ടുകിട്ടിയില്ല. ഇതുകൂടി മരണമായി കണക്കാക്കിയായിരുന്നു സഹായവിതരണം.