തിരുവന്തപുരം > അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നു തന്നെ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. സിദ്ധരാമയ്യയുടെ വ്യക്തിപരമായ ഇടപെടലുണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത്. കാണാതായ അർജുന്റെ കുടുംബാംഗങ്ങളെ ഇന്ന് ഞാൻ സന്ദർശിച്ചിരുന്നു. ഏറെ നാളായി അർജുനെ കാണാതായതിനാൽ, അർജുൻ്റെ കുടുംബാംഗങ്ങളുടെ ആശങ്കയും ദുഃഖവും പങ്കുവെക്കുകയാണ് എന്നതാണ് കത്തിന്റെ ആമുഖം.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അർജുന്റെ വീട് സന്ദർശിച്ചിരുന്നു. കുടുംബാഗങ്ങളുമായി സംസാരിക്കുകയും സർക്കാരിന്റെ സഹായവും പിന്തുണയും കുടുംബത്തിനൊപ്പം ഉണ്ടെന്ന് ഉറപ്പും നൽകിയിരുന്നു. ഇതിനു പിന്നാലെ തന്നെ സർക്കാർ ഇടപെടലുണ്ടായിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽ നേരിട്ടു വന്നത് ആശ്വാസകരമെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അർജുനായുള്ള തിരച്ചിൽ അനശ്ചിതത്വത്തിലാണ്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപയ്ക്ക് പുഴയിലിറങ്ങാൻ അനുമതി ലഭിച്ചില്ല. പുഴയിൽ അടിയൊഴുക്ക് ശക്തമാണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്.
ദൗത്യം ഇന്ന് തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. മഴയുണ്ടെങ്കിലും തിരച്ചിലിന് താൻ തയ്യാറാണെന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അനുമതി ഇല്ലാതെ ഇറങ്ങുവാനാകില്ല എന്നും മാൽപെയും സംഘവും അറിയിച്ചു.