കൊച്ചി> വയനാടിന്റെ പുനർനിർമാണത്തിന് സഹായവാഗ്ദാനവുമായി യുഡിഎഫ് എംഎൽഎമാർ. യുഡിഎഫിലെ എല്ലാ എംഎൽഎമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. വയനാട് പുനരധിവാസത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും പ്രതിപക്ഷം പങ്കാളികളാകുമെന്നും വാർത്താസമ്മേളനത്തിൽ വിഡി സതീശൻ വ്യക്തമാക്കി.
രാഹുൽ ഗാന്ധി 100 വീടുകൾ വച്ചുനൽകുമെന്ന് അറിയിച്ചു. മുസ്ലിം ലീഗ് വലിയ പുനരധിവാസ പദ്ധതി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിലെ എല്ലാ കക്ഷികളും പുനരധിവാസ ശ്രമങ്ങളിൽ പങ്കാളികളാകും. വീടുകളിലേക്ക് മടങ്ങുന്നവരിൽ വരുമാനം നഷ്ടപ്പെട്ടവരും അനാഥരായവരുമുണ്ട്. ഇവരെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നതിനായി പുനരധിവാസ പ്രവർത്തനങ്ങളിൽ പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തില്‍ മലയിടിച്ചിലിന് സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും പ്രോണ്‍ ഏരിയ മാപ്പിങ് നടത്തണം. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിക്കണം. മണ്ണിന്റെ ഘടന പരിശോധിക്കണമെന്നും വിഡി സതീശന് ആവശ്യപ്പെട്ടു.