മേപ്പാടി > വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആറാം ദിനത്തിലും കാണാതായവർക്കായി തിരച്ചിൽ ഊർജിതം. സൈന്യം, എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ്, റവന്യൂവകുപ്പ്, കോസ്റ്റ്ഗാർഡ് അടക്കം വിവിധ സേനകളിലുള്ളവരും സന്നദ്ധപ്രവർത്തകരും ഉൾപ്പടെ 1200ലധികം ആളുകളാണ് ഇന്ന് തിരച്ചിലിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തിരച്ചിൽമേഖല ആറ് സോണുകളായി തിരിച്ച് 40 ടീമുകളായാണ് ഇന്നും തിരച്ചിൽ നടക്കുന്നത്. ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളെ കൂടി ഇന്ന് തിരച്ചിൽ സംഘങ്ങൾക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. കാണാതായവരുണ്ടായിരുന്ന സ്ഥലത്തെ കുറിച്ചും തകർന്ന വീടുകളെ കുറിച്ചും കൂടുതലറിയുക ബന്ധുക്കൾക്കായിരിക്കും എന്നതിനാലാണിത്. ദുരന്തമേഖലയിൽ തിരച്ചിലിനെത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. അപകട സാധ്യത ഉൾപ്പടെ കണക്കിലെടുത്ത് സന്നദ്ധ പ്രവർത്തകരുടെ വിവരങ്ങൾ രേഖപ്പെടുത്തിയാണ് തിരച്ചിലിനായി സന്നദ്ധ പ്രവർത്തകരെ കടത്തിവിടുന്നത്.
ദുരന്തത്തിൽ പെട്ട 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. മണ്ണിനടിയിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടെന്ന് നിഗമനത്തിലാണ് ദൗത്യസംഘം. തിരച്ചിലിനായി കൂടുതൽ ഉപകരണങ്ങൾ ദുരന്തഭൂമിയിലേക്ക് എത്തിച്ചിട്ടുണ്ട്. മണ്ണിനടിൽ മൃതദേഹങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ ഡോഗ്സ്വാഡിനെ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുന്നുണ്ട്. ഐബോഡ് സാങ്കോതികവിദ്യ ഉപയോഗിച്ചുള്ള ഡ്രോൺ പരിശോധന ഇന്നും തുടരും. കൂടുതൽ റഡാറുകൾ ഇന്ന് തിരച്ചിലിനുപയോഗിക്കുന്നുണ്ട്. ഒരു സേവർ റഡാറും, നാല് റെക്കോ റഡാറുകളും ഇതിനായി ഡൽഹിയിൽ നിന്ന് എത്തിച്ചിട്ടുണ്ട്.
ചാലിയാർ കേന്ദ്രീകരിച്ചും തിരച്ചിൽ തുടരുകയാണ്. ചാലിയാർ ഒഴുകുന്ന വഴിയെ നിലമ്പൂരിൽ നിന്ന് ചൂലൽ മലയിലേക്ക് പുഴ കേന്ദ്രീകരിച്ചും വനം കേന്ദ്രീകരിച്ചുമാണ് തിരച്ചിൽ. തിരച്ചിൽ സംഘം ചൂരൽമലക്ക് തൊട്ടുതാഴെ അട്ടമല വരെ എത്തിയിട്ടുണ്ട്. യന്ത്രങ്ങൾ ഘടിപ്പിച്ച വലിയ വഞ്ചികളും ബോട്ടുകളും ഉപയോഗിച്ചാണ് പുഴയിലെ തിരച്ചിൽ. പൊലീസിന്റെ ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തിരച്ചിൽ നടത്തുന്നുണ്ട്. ഇന്നും തിരച്ചിൽ സംഘത്തിന് ശരീരഭാഗങ്ങൾ കിട്ടിയിട്ടുണ്ട്. ഇന്നലെ മൂന്ന് മൃതദേഹവും 13 ശരീരഭാഗങ്ങളും കണ്ടെടുത്തിരുന്നു. ചാലിയാറിലെ തിരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 357 ആയെന്നാണ് അനൗദ്യോഗിക കണക്ക്. 219 മൃതദേഹങ്ങളുടെയും 154 ശരീരഭാഗങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയാക്കി. 135 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 70 മൃതദേഹങ്ങളും 122 ശരീരഭാഗങ്ങളും ഇനി തിരിച്ചറിയാനുണ്ട്. ഇവ ജില്ലാ ഭരണകൂടത്തിന് കൈമാറി.