മേപ്പാടി > വേദന തിന്ന് നീങ്ങുന്ന പകലുകളും രാത്രികളും. നിശ്ശബ്ദതയുടെ ഏങ്ങലടികളാണ് മേപ്പാടി ഗവ. കുടുംബാരോഗ്യകേന്ദ്രം പരിസരത്ത്. ദുരന്തബാധിത മേഖലയിൽനിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇവിടെയാണ്. തിരക്കിട്ടുനീങ്ങുന്ന ആരോഗ്യപ്രവർത്തകരുടെയും വളന്റിയർമാരുടെയും ചെറുചലനങ്ങൾ നിശ്ശബ്ദതയെ ഭഞ്ജിക്കുന്നു. ഓരോ ആംബുലൻസും എത്തുമ്പോൾ ഉറ്റവരെ തിരയുന്ന കുറേ കണ്ണുകൾ. പുറത്ത് നൊമ്പരപ്പുഴയുമായി ഒരു കൂട്ടം സ്ത്രീകൾ. അവരുടെ കുടുംബത്തിലെ നാൽപ്പതോളം പേരെയാണ് പ്രളയമെടുത്തത്. അവരിൽ എട്ടുപേരുടെ മൃതദേഹമേ കിട്ടിയുള്ളു.
ചെട്ടിയാർതൊടി കുടുംബത്തിന് ചൂരൽമലയിലും മുണ്ടക്കൈയിലുമായി നിരവധി വീടുകളുണ്ടായിരുന്നു. ചൂരൽമല ഹൈസ്കൂൾ റോഡിൽ പൂളക്കാടാണ് നാലെണ്ണം. പുഞ്ചിരിമട്ടത്തുനിന്ന് കൂറ്റൻ കല്ലുകളും വെള്ളവും കിലോമീറ്റുകൾ കുത്തിയൊലിച്ച് വന്നപ്പോൾ കാണാതായ നിരവധി വീടുകളിൽ ഇവയും പെടും. ചെട്ടിയാർതൊടി സത്താർ, അബ്ദുറഹ്മാൻ എന്ന കുഞ്ഞാൻ, യൂസുഫ്, മുനീർ എന്നിവരുടേതാണ് വീടുകൾ. നാലുവീടുകളിലുമായി 22 പേരെ പ്രളയമെടുത്തു. ഇവരിൽ 12 പേരെക്കുറിച്ച് വിവരമില്ല.
സത്താറിന്റെ വീട്ടിൽ ഇദ്ദേഹത്തെ കൂടാതെ ഭാര്യ അഫീദ, മക്കളായ അഫില, നൈഷാൻ, അംദാൻ എന്നിവരാണുണ്ടായിരുന്നത്. സത്താർ, നൈഷാൻ, അംദാൻ എന്നിവരുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെ വീട്ടിൽ അബ്ദുറഹ്മാനും ഭാര്യ സൈനബയുമേ ഉണ്ടായിരുന്നുള്ളു. മൂത്ത മകൻ ജൈസലും കുടുംബവും നാലുദിവസംമുമ്പാണ് ജോലിചെയ്യുന്ന എറണാകുളത്തേക്ക് തിരിച്ചുപോയത്. പെൺമക്കളായ റജീനയും ജിഷാനയും ഭർതൃവീട്ടിലാണ്. ഉമ്മയെയും ഉപ്പയെയും തിരഞ്ഞ് നാലുദിവസമായി ജൈസൽ ആശുപത്രി പരിസരത്തുണ്ട്.
യൂസുഫിന്റെ വീട്ടിൽ ഭാര്യ സൽമ, മകൻ ഷെമീർ, ഭാര്യ ഷഹാന, മക്കളായ റിദ മഹ്റിൻ, എമി എന്നിവരും മുണ്ടക്കൈയിൽനിന്ന് മാറാൻ പറഞ്ഞപ്പോൾ താമസിക്കാനെത്തിയവരും ഉണ്ടായിരുന്നു. ഒമ്പതുപേരിൽ നാലുപേരുടെ മൃതദേഹം കിട്ടി. മുനീറിന്റെ വീട്ടിൽ ഭാര്യ റുക്സാന, മക്കളായ അമൽ നിഷാൻ, ഇജാസ് റോഷൻ എന്നിവരെ കൂടാതെ വിരുന്നിനെത്തിയ റുക്സാനയുടെ ബാപ്പ യൂസുഫ്, ഉമ്മ ഫാത്തിമ, സഹോദരിയുടെ മകൾ ജൂഹി എന്നിവരുമുണ്ടായിരുന്നു. മുനീർ, റുക്സാന, ജൂഹി എന്നിവരുടെ മൃതദേഹം മാത്രമേ കണ്ടെത്തിയുള്ളു. മുണ്ടക്കൈയിലും ഈ കുടുംബത്തിന്റെ നിരവധി വീടുകൾ ഇല്ലാതായി. ഇവിടങ്ങളിലായി പതിനഞ്ചിലേറെ പേരെ കാണാതായതായാണ് ആശുപത്രിയിലെത്തിയ ബന്ധുക്കൾ പറയുന്നത്.