പാരിസ്> തോക്കെടുത്തപ്പോഴുള്ള പുഞ്ചിരി അത് താഴെവച്ചപ്പോൾ മനുവിന്റെ മുഖത്തില്ലായിരുന്നു. കൈവിട്ടത് മെഡലല്ല, 144 കോടി ജനങ്ങളുടെ സ്വപ്നമായിരുന്നുവെന്ന തിരിച്ചറിവ് അവളെ നിരാശയിലാക്കിയിട്ടുണ്ടാകും. ഷൂട്ട്ഓഫിൽ വെങ്കലം നഷ്ടമായി മനു ഭാകർ മടങ്ങുമ്പോൾ ഷാറ്റുറൂവിലെ ഷൂട്ടിങ് സെന്ററിൽ നിലയ്ക്കാത്ത കരഘോഷം മുഴങ്ങി. കീഴടങ്ങുംമുമ്പ് പൊരുതി നിന്നതിനുള്ള അംഗീകാരം. ഒളിമ്പിക്സ് വേദിയിലെ ഈ നാലാംസ്ഥാനവും അഭിമാനകരംതന്നെ. ആവേശകരമായ മെഡൽ പോരാട്ടം ഒപ്പത്തിനൊപ്പം മുന്നേറിയപ്പോൾ ആദ്യ മൂന്നുസ്ഥാനക്കാരെ നിർണയിക്കാൻ ഷൂട്ട്ഓഫ് വേണ്ടിവന്നു.
വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഫൈനലിൽ ഹരിയാനക്കാരിക്ക് ഒടുക്കംപോലെ തുടക്കവും പിഴച്ചു. മെഡലിനായി എട്ടുപേരാണ് അണിനിരന്നത്. അഞ്ച് ഷോട്ടുകളുള്ള ആദ്യറൗണ്ടിൽ രണ്ടെണ്ണംമാത്രമാണ് ലക്ഷ്യംകണ്ടത്. ആറാംസ്ഥാനത്തോടെയാണ് തുടക്കം. അടുത്ത അഞ്ച് ഷോട്ടുകളിൽ ഒന്നുമാത്രം പാഴായപ്പോൾ നാലാംസ്ഥാനത്തേക്ക് കയറി (ആറ് പോയിന്റ്). മൂന്നാംറൗണ്ടിൽ വീണ്ടും നാല് വിജയ ഷോട്ടുകൾ. ഒന്നുമാത്രം പിഴച്ചു. രണ്ടാംസ്ഥാനത്ത് പത്ത് പോയിന്റുമായി അഞ്ചുപേർ ഒപ്പത്തിനൊപ്പം. നാലാംറൗണ്ടിൽ അഞ്ചിൽ രണ്ടെണ്ണം പിഴച്ചപ്പോൾ വീണ്ടും ആറാംസ്ഥാനത്തേക്ക് മൂക്കുകുത്തി. നാലു റൗണ്ട് കഴിഞ്ഞപ്പോൾ അവസാന സ്ഥാനക്കാരെ ഒഴിവാക്കുന്ന എലിമിനേഷൻ തുടങ്ങി. അതുപ്രകാരം എട്ടാംസ്ഥാനത്തുള്ള അമേരിക്കൻ താരം കാതെലിൻ മോർഗൻ പുറത്തായി. അഞ്ചാംറൗണ്ടിലാണ് മനുവിന്റെ മാസ്മരിക പ്രകടനം കണ്ടത്. അഞ്ച് ഷോട്ടും ലക്ഷ്യത്തിലെത്തിച്ച് 18 പോയിന്റുമായി മൂന്നാമതെത്തി. 20 പോയിന്റുള്ള ദക്ഷിണകൊറിയയുടെ യാങ് ജിനും 19 പോയിന്റുള്ള ഹംഗറിയുടെ വെറോണിക മേജറും മാത്രം മുന്നിൽ. ഏഴാമതുണ്ടായിരുന്ന വിയറ്റ്നാമിന്റെ ട്രിൻ തു വിൻ പുറത്തായി.
ആറാംറൗണ്ടിൽ ഒരു ഷോട്ടുമാത്രം പാഴായപ്പോൾ 22 പോയിന്റുമായി രണ്ടാംസ്ഥാനത്ത്. മുന്നിൽ 24 പോയിന്റുമായി കൊറിയക്കാരിമാത്രം. ആറാംസ്ഥാനത്തുള്ള ഇറാന്റെ ഹനിയെഹ് റൊസ്തമിയാൻ മടങ്ങി. ഏഴാംറൗണ്ടിൽ നാല് ഷോട്ട് കൃത്യം തറച്ചപ്പോൾ ഒന്നു പുറത്ത്. കൊറിയക്കാരിയുടെ രണ്ടെണ്ണം പാഴായി. ഒറ്റ പോയിന്റുമാത്രം മനു പുറകിൽ (26–-27). അഞ്ചാമതുണ്ടായിരുന്ന ചൈനയുടെ സാവോ നാൻ മടങ്ങി. ഇനി നാലുപേർമാത്രം. എട്ടാംറൗണ്ടാണ് ഇന്ത്യൻ സ്വപ്നം തകർത്തത്. മനുവിന്റെ മൂന്ന് ഷോട്ടുകൾ പിഴച്ചപ്പോൾ രണ്ടെണ്ണം ലക്ഷ്യത്തിലെത്തി. കൊറിയൻ താരം 30 പോയിന്റുമായി മുന്നേറിയപ്പോൾ മനുവിന് 28 പോയിന്റുമായി മൂന്നാംസ്ഥാനം. ഹംഗറിയുടെ വെറോണിക്കയ്ക്കും അതേ പോയിന്റ്.
വെങ്കലമെഡലിനായി ഇരുവർക്കും അഞ്ച് ഷോട്ടുകളുടെ ഷൂട്ട് ഓഫ്. ആദ്യ രണ്ട് ഷോട്ടും ലക്ഷ്യംകണ്ടപ്പോൾ ഇന്ത്യ മെഡൽ പ്രതീക്ഷിച്ചു. ഹംഗറിക്കാരിയുടെ ഒന്നു പിഴയ്ക്കുകയും ചെയ്തു. എന്നാൽ, അടുത്ത മൂന്നും നഷ്ടപ്പെടുത്തി മനു ഇന്ത്യൻ പ്രതീക്ഷകളെ കണ്ണീരിലാഴ്ത്തി. അടുത്ത മൂന്നു ഷോട്ടും വിജയകരമായി തൊടുത്ത് വെറോണിക വെങ്കലം സ്വന്തമാക്കി.
സ്വർണപ്പോരാട്ടവും ഷൂട്ട്ഓഫിലായിരുന്നു. കൊറിയൻ താരം യാങ്ങിനും ഫ്രഞ്ച് താരം കമിയക്കും 37 പോയിന്റ്. നാട്ടുകാരുടെ മുന്നിൽ സമ്മർദത്തിലായ കമിയയുടെ ഒറ്റ ഷോട്ടുമാത്രമാണ് വിജയകരമായത്. യാങ് ജിൻ 4–-1ന് ഷൂട്ട്ഓഫ് ജയിച്ച് സ്വർണം നേടി.