പാരിസ്> ബാഡ്മിന്റണിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വർണമെന്ന സ്വപ്നത്തിലേക്ക് രണ്ടു മത്സരത്തിന്റെ ദൂരംമാത്രം. പുരുഷ സിംഗിൾസ് സെമിഫൈനലിൽ യുവതാരം ലക്ഷ്യ സെൻ ഇന്നിറങ്ങും. ലോക രണ്ടാംറാങ്കുകാരൻ ഡെൻമാർക്കിന്റെ വിക്ടർ അക്സൽസനാണ് എതിരാളി. 3.30നാണ് മത്സരം ചൈനീസ് തായ്പേയിയുടെ കുൻലാവ്ട്ട് വിടിത്സാനും മലേഷ്യയുടെ സീ ജിയാ ലീയും തമ്മിലാണ് രണ്ടാംസെമി.
ബാഡ്മിന്റണിൽ ഒളിമ്പിക് സെമിയിൽ കടന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായ ലക്ഷ്യ തകർപ്പൻ പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. ആദ്യമത്സരത്തിൽ ഗ്വാട്ടിമാലയുടെ കെവിൻ കോർഡോബയെ മറികടന്നായിരുന്നു തുടക്കം. പരിക്കേറ്റ കോർഡോബ ഒളിമ്പിക്സിൽനിന്ന് പിന്മാറിയതോടെ ആ ജയം റദ്ദാക്കി. തുടർന്ന് ബൽജിയത്തിന്റെ ജൂലിയൻ കരാഗിയെയും ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെയും തകർത്ത് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇന്ത്യക്കാർ ഏറ്റുമുട്ടിയ പ്രീക്വാർട്ടറിൽ മലയാളിതാരം എച്ച് എസ് പ്രണോയിയെ തോൽപ്പിച്ച് ക്വാർട്ടറിൽ കടന്ന ലക്ഷ്യ ചൈനീസ് തായ്പേയുടെ ചോ ടീൻ ചെന്നിനെ ഒന്നിനെതിരെ രണ്ടുസെറ്റിന് കീഴടക്കിയാണ് സെമിയിൽ പ്രവേശിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം ഗംഭീര തിരിച്ചുവരവിലൂടെയാണ് യുവതാരം മത്സരം സ്വന്തമാക്കിയത്. 2016 റിയോയിൽ ബാഡ്മിന്റൺ വനിതാ സിംഗിൾസ് ഫൈനലിൽ പി വി സിന്ധുവിന് കൈവിട്ട സ്വർണമെഡൽ ഇത്തവണ ലക്ഷ്യയിലൂടെ നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.