ചൂരൽമല > ചൂരൽമല അരിച്ചുപെറുക്കിയും ചേർത്തുപിടിച്ചും തിരികെ ജീവിതത്തിലേക്ക് വഴികാട്ടിയും നിറഞ്ഞുനിൽക്കുകയാണ് അഗ്നിരക്ഷാസേന. മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ ചൊവ്വ പുലർച്ചെ രണ്ടോടെ ചൂരൽമലയിലെത്തിയ സേനാംഗങ്ങൾ രാപകൽ കർമനിരതർ. സാഹസിക ദൗത്യങ്ങളിലൂടെ നിരവധി ജീവൻ രക്ഷിച്ചു. ചെളിയിൽ പൂണ്ട മൃതദേഹങ്ങൾ തപ്പിയെടുത്തു. കാണാതായവർക്കുള്ള തിരച്ചിൽ പ്രധാനമായും ഇവരുടെ നേതൃത്വത്തിൽ.
300 സേനാംഗങ്ങളെയും പരിശീലനം ലഭിച്ച 250 സിവിൽ ഡിഫൻസ് വളന്റിയർമാരെയുമാണ് ചൂരൽമലയിലും മുണ്ടക്കൈയിലും വിന്യസിച്ചത്. കോഴിക്കോട്, കണ്ണൂർ റീജണൽ ഡയറക്ടർമാർക്കാണ് ചുമതല. കാസർകോട് മുതൽ കണ്ണൂർവരെ യൂണിറ്റുകളിലെ അംഗങ്ങൾ വയനാട്ടിലുണ്ട്.
ഒറ്റപ്പെട്ട അമ്മയെയും മൂന്നുമാസമുള്ള കുഞ്ഞിനെയും വന്യമായി ഒഴുകുന്ന പുഴയ്ക്കുമീതെ റോപ്പിലൂടെ സേനാംഗം കടത്തികൊണ്ടുവന്ന സാഹസം ഏറെ പ്രശംസിക്കപ്പെട്ടു. കോഴിക്കോട് വെള്ളിമാടുകുന്ന് യൂണിറ്റിലെ നിഖിൽ മല്ലിശേരിയാണ് ഉരുൾപൊട്ടിയ ദിനംതന്നെ ഈ ദൗത്യം നിർവഹിച്ചത്. സ്കൂൾകെട്ടിടത്തിലുൾപ്പെടെ കുടുങ്ങിപ്പോയവരെ അന്ന് പുലർച്ചെ രക്ഷിച്ചു.
ദുരന്തഭൂമിയിൽ സൈന്യമെത്തുംമുമ്പേ പുഴയ്ക്ക് മുകളിൽ സ്വിപ്പ് ലൈൻ നിർമിച്ച് രക്ഷാപ്രവർത്തനം തുടങ്ങി. പുഴയ്ക്ക് കുറുകെ ലാഡർകൊണ്ട് പാലം നിർമിച്ച് മുണ്ടക്കൈയിൽനിന്നുള്ള നൂറുകണക്കിനുപേരെ ചൂരൽമലയിൽ എത്തിച്ചു. കഴുത്തോളം ചെളിയിൽപൂണ്ട ആളെ രക്ഷിച്ചു.