പാരിസ്> മനുവിന്റെ തോക്ക് കൊതിപ്പിച്ചു. സ്വപ്നം കാണാൻ പ്രേരിപ്പിച്ചു. രാജ്യമൊന്നാകെ ആ നിമിഷത്തിനായി കാത്തിരുന്നു. പക്ഷേ, തോക്കിനുള്ളിലെ തിരകൾക്ക് മോഹച്ചിറകിൽ പറക്കാൻ സാധിച്ചില്ല. ഒറ്റശ്വാസനിമിഷത്തിൽ മനു ഭാകർ മെഡൽ കൈവിട്ടു, ഒപ്പം ചരിത്രവും. വനിതകളുടെ ഷൂട്ടിങ്ങിൽ 25 മീറ്റർ പിസ്റ്റളിൽ നാലാംസ്ഥാനം. ഷൂട്ട്ഓഫിൽ വെങ്കല നഷ്ടം. ഒരുനിമിഷം ഓർമകൾ നാല് പതിറ്റാണ്ട് പിറകിലേക്ക് പോയി. അന്നാണ് ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് വേദിയിൽ പി ടി ഉഷയ്ക്ക് സെക്കൻഡിന്റെ നൂറിൽ ഒരംശത്തിന് വെങ്കലം നഷ്ടമായത്.
പാരിസിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള ഷാറ്റുറൂവിലെ ഷൂട്ടിങ് സെന്ററിൽ തെളിഞ്ഞ മുഖം നിരാശയിൽ വാടിയെങ്കിലും ഹരിയാനക്കാരി അഭിമാനത്തോടെയാണ് തോക്ക് താഴെവച്ചത്. ഒറ്റ ഒളിമ്പിക്സിൽ മൂന്ന് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്ലീറ്റ് എന്ന അപൂർവചരിത്രത്തിന് അരികെയാണ് ഇരുപത്തിരണ്ടുകാരി വീണുപോയത്. ഒരു ഒളിമ്പിക്സിൽ രണ്ടുമെഡൽ കരസ്ഥമാക്കിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യതാരം എന്ന ബഹുമതി മുഴക്കമായി പാരിസിൽ അവശേഷിക്കും.