തിരുവനന്തപുരം > ജീവന്റെ ഓരോ തുടിപ്പും കണ്ടെത്താനുള്ള തിരച്ചിലാണ് വയനാട്ടിൽ വൈകിയ വേളയിലും തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റഡാറുകളിൽ പതിയുന്ന ചെറുചലനങ്ങൾ പോലും പ്രതീക്ഷയുണർത്തുന്നു. ഈ ഇരുട്ടിലും തകർന്ന കെട്ടിടത്തിനുള്ളിൽ ജീവനുകൾ അവശേഷിക്കുന്നുണ്ടോ എന്ന് രക്ഷാപ്രവർത്തകർ തേടുകയാണ്.
എട്ടു മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് ആദിവാസി സങ്കേതത്തിൽ ഒറ്റപ്പെട്ടു പോയ ആറു പേരെ ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. രക്ഷാ പ്രവർത്തകരുടെ ധീരതയോടും ത്യാഗസന്നദ്ധതയോടും ഈ നാട് കടപ്പെട്ടിരിക്കുന്നു. മനുഷ്യനെന്ന പദത്തിന്റെ മഹത്വം കേരളത്തിലൂടെ ലോകം വീണ്ടും തിരിച്ചറിയുകയാണ്. ആത്മവീര്യം നഷ്ടപ്പെടാതെ, ഐക്യബോധത്തോടെ ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാമന്നും മുഖ്യമന്ത്രി കുറിച്ചു.
രാത്രിയിലും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. റഡാറുകൾ ഉപയോഗിച്ച് സിഗ്നലുകൾ ലഭിച്ചയിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.