വയനാട്> മുണ്ടക്കൈ അങ്ങാടിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. നേരത്തെ റഡാർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഒരിടത്ത് മണ്ണിനടിയിൽ ജീവനുണ്ടെന്ന് സൂചിപ്പിക്കുന്ന നേരിയ സിഗ്നൽ ലഭിച്ചത്.
അത്യാധുനിക തെർമൽ ഇമേജ് റഡാർ അഥവാ ഹ്യൂമൻ റെസ്ക്യൂ റഡാർ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ സാന്നിധ്യമുണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും. ഇതനുസരിച്ച് സിഗ്നൽ ലഭിച്ച സ്ഥലത്താണ് ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധിച്ചത്.
ഒരു കടയിരുന്ന സ്ഥലത്തായിരുന്നു സിഗ്നൽ ലഭിച്ചത്. ഇതനുസരിച്ച് കട തകർന്ന ഭാഗത്തെ മണ്ണ് മൂടിയ സ്ഥലത്തെ കോൺക്രീറ്റ് ഭാഗങ്ങൾ മാറ്റിയാണ് പരിശോധന നടത്തിയത്. കടയുടെ സ്റ്റോർ റൂം ആയിരുന്നു അവിടെയെന്നാണ് പ്രദേശവാസികൾ പറയുന്നത്. സിഗ്നൽ പ്രകാരം ഈ അണ്ടർഗ്രൗണ്ട് മുറിയിൽ മനുഷ്യജീവനുണ്ടാകുമെന്ന നിഗമനത്തിലാണ് ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധിച്ചത്.
തെർമൽ ഇമേജ് റഡാർ ഉപയോഗിച്ച് 40 ഇഞ്ച് കോൺക്രീറ്റ് പാളിക്കടിയിൽ വരെ ആളുണ്ടെങ്കിൽ സിഗ്നൽ കാണിക്കും. ഫയർ ആൻഡ് റെസ്ക്യൂ സേനയും സൈനികരും മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്നായിരുന്നു പരിശോധന.