പാരിസ് > ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയെുടെ ധീരജ് ബൊമ്മദേവര-അങ്കിത ഭഗത് സഖ്യം സെമിയിൽ വീണു. അമ്പെയ്ത്തിന്റെ മിക്സഡ് വിഭാഗത്തിൽ സെമി വരെയെത്തിയ സഖ്യത്തിന് മെഡൽ നേടാനായില്ല. ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായാണ് അമ്പെയ്ത്തിൽ ഇന്ത്യ സെമി വരെയെത്തുന്നത്.
വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ യുഎസിന്റെ ബ്രാഡി എല്ലിസൺ-കേസി ഹോഫോൾഡ് സഖ്യത്തോട് തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യൻ താരങ്ങളുടെ മടക്കം. 6–-2 നായിരുന്നു യുഎസ് സഖ്യത്തിന്റെ വിജയം. സ്കോർ: 38-37, 37-35, 34-38, 37-35
ആദ്യ രണ്ട് സെറ്റും അവസാന സെറ്റും യുഎസ് സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ താരങ്ങൾക്ക് മൂന്നാമത്തെ സെറ്റ് മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ. ആദ്യ രണ്ട് സെറ്റുകളിലും അങ്കിത ആദ്യം തൊടുത്ത ലക്ഷ്യങ്ങൾ പാളിയത് തിരിച്ചടിയായി.
സെമിയിൽ സൗത്ത് കൊറിയൻ സംഘത്തോടായിരുന്നു ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടത്. ആദ്യ സെറ്റ് വിജയിച്ച ശേഷമായിരുന്നു സെമിയിൽ ധീരജ് ബൊമ്മദേവര-അങ്കിത ഭഗത് സഖ്യത്തിന്റെ തോൽവി.