മൈക്കൽ ഫെൽപ്സിനെപ്പോലെ ഓളപ്പരപ്പിൽ ചരിത്രം മാറ്റിയെഴുതിയ മറ്റൊരു താരമില്ല. 2008 ബീജിങ് ഒളിമ്പിക്സിൽ എട്ട് ദിവസത്തിൽ പതിനേഴ് മത്സരങ്ങൾ, എട്ട് സ്വർണമെഡലുകൾ‐ ഒരു ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണം എന്ന റെക്കോഡ്. വിശ്വകായികമേളയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത വെട്ടിപ്പിടിക്കലാണത്.
ഇതുപോലൊരു ജലപ്പക്ഷി ഇനിയുണ്ടാകുമോ? നാല് ഒളിമ്പിക്സിലായി 23 സ്വർണമടക്കം 28 മെഡലുകൾ. നീന്തൽക്കുളത്തിലെ സ്വർണക്കടത്തുകാരൻ അമേരിക്കയുടെ മൈക്കൽ ഫെൽപ്സ് ചരിത്രപുരുഷനായാണ് 2016 റിയോ
എ എൻ രവീന്ദ്രദാസ്
ഒളിമ്പിക്സിൽ ഹംസഗാനം ആലപിച്ചത്. 2000 സിഡ്നിയിൽ ആദ്യ ഒളിമ്പിക്സിൽ മെഡലില്ല. അതായത് ഈ നേട്ടങ്ങളൊക്കെയും 2004 ആതൻസ് മുതൽ 2016 റിയോ വരെയുള്ള നാല് ഗെയിംസിൽ നിന്നാണ്.
മൈക്കൽ ഫെൽപ്സിനെപ്പോലെ ഓളപ്പരപ്പിൽ ചരിത്രം മാറ്റിയെഴുതിയ മറ്റൊരു താരമില്ല. 2008 ബെയ്ജിങ് ഒളിമ്പിക്സിൽ എട്ട് ദിവസത്തിൽ പതിനേഴ് മത്സരങ്ങൾ, എട്ട് സ്വർണമെഡലുകൾ‐ ഒരു ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണം എന്ന റെക്കോഡ്. വിശ്വകായികമേളയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത വെട്ടിപ്പിടിക്കലാണത്.
ബ്രസീലിലെ റിയോയിൽ 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ സ്വർണത്തിലെത്തിയപ്പോൾ, ഒളിമ്പിക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സ്വർണം എന്ന റെക്കോഡ് റോഡ്സിലെ ലിയോണിഡാസിൽ നിന്ന് ഫെൽപ്സ് സ്വന്തമാക്കി. ഒളിമ്പിക്സിലെ ഏറ്റവും പഴക്കമേറിയ റെക്കോഡും അതായിരുന്നു. പതിമൂന്ന് വ്യക്തിഗത സ്വർണമാണ് ഫെൽപ്സിനുള്ളത്.
പുരാതന ഒളിമ്പിക്സിൽ ഓട്ടക്കാരനായി അമരത്വം നേടിയ ലിയോണിഡാസ് ക്രിസ്തുവിന് മുമ്പ് 164 മുതൽ 152 വരെയുള്ള ഒളിമ്പിക്സുകളിലായി സ്ഥാപിച്ച പന്ത്രണ്ട് വ്യക്തിഗത ഒന്നാം സ്ഥാനമെന്ന രേഖയാണ് ഫെൽപ്സ് പിന്തള്ളിയത്.
2004 മുതൽ 2016 വരെ തുടർച്ചയായി നാല് ഒളിമ്പിക്സിൽ 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ അപരാജിതൻ. ഒരേ ഇനത്തിൽ നിരനിരയായി നാല് ഗെയിംസിൽ സ്വർണം നേടിയ മറ്റു രണ്ട് കായികതാരങ്ങളേയുള്ളൂ. അമേരിക്കയുടെ തന്നെ അൽ ഓർട്ടറും (ഡിസ്കസ് ത്രോ), കാൾ ലൂയിസും (ലോങ് ജംപ്).
ജോസഫ് സ്കൂളിങ്
അവസാന ഒളിന്പിക്സിന് റിയോയിൽ നിന്നു മാത്രം ഫെൽപ്സ് വാരിയെടുത്തത് അഞ്ച് സ്വർണവും ഒരു വെള്ളിയും. 100 മീറ്റർ ബട്ടർഫ്ളൈയിൽ സിംഗപ്പൂരിന്റെ ജോസഫ് സ്കൂളിങ്ങിനോടേറ്റ അപ്രതീക്ഷിത തോൽവി മാത്രമാണ് മുപ്പത്തൊന്നാം വയസ്സിലെ വിടവാങ്ങലിലെ നിരാശ. 100 മീറ്റർ മെഡ്ലെ റിലേയായിരുന്നു റിയോയിലെ അവസാന മത്സരം.
യു എസ് ടീം റെക്കോഡോടെ വിജയിച്ചപ്പോൾ ഫെൽപ്സ് ഗോൾഡ് @ 23. 100 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും റിലേയിൽ ഫെൽപ്സ് നീന്തിയത് ബട്ടർഫ്ളൈ ലാപ്പിൽ തന്നെയാണ്.
റിലേയിൽ അവസാനപാദത്തിൽ നഥാൻ എഡ്രിയാൻ ഒന്നാമതായി ഫിനിഷ് ചെയ്തതോടെ, ടീമംഗങ്ങളായ റ്യാൻ മർഫിയെയും കോഡി മില്ലറെയും കൂട്ടി ഫെൽപ്സ് എല്ലാവരെയും ചേർത്തണച്ചു. ഗാലറിയിൽ ജീവിതപങ്കാളി നിക്കോൾ ജോൺസൺ മൂന്നാം മാസമെത്തിയ മകൻ ബുമറയെ ഒക്കത്തിരുത്തി നിറകണ്ണുകളോടെ നോക്കിനിന്നു.
ഒളിമ്പിക്സ് കഴിഞ്ഞാണ് അവർ വിവാഹിതരായത്. വെള്ളത്തിൽ ഏറെക്കാലം നീന്തിത്തുടിച്ച ഫെൽപ്സ് കണ്ണുനീർ നനഞ്ഞാണ് വികാരഭരിതനായി വിടവാങ്ങിയത്. അവസാന വാം അപ്, അവസാനമായി നീന്തൽക്കുപ്പായം അണിഞ്ഞത്, ആയിരക്കണക്കിന് ആരാധകർക്കിടയിലൂടെ എത്തുന്നത് – ഇവയെല്ലാം ഭ്രാന്തുപിടിപ്പിക്കുന്ന അവസ്ഥകളാണെന്നാണ് അദ്ദേഹം പറഞ്ഞത്.
മെഡൽ ദാന ചടങ്ങിലും ഫെൽപ്സ് കരഞ്ഞു. ഇനിയില്ല, എന്റെ ശരീരവും കാലുകളും വേദനിക്കുന്നുവെന്ന് പറഞ്ഞ് ഇതിഹാസതാരം മടങ്ങിയപ്പോൾ നീന്തൽക്കുളം ശൂന്യമായ പ്രതീതി. രണ്ട് ഒളിമ്പിക്സിൽ അദ്ദേഹത്തിന്റെ ടീമംഗമായിരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നാണ് അമേരിക്കയുടെ ജലറാണി കാറ്റി ലഡേക്കി പറഞ്ഞത്.
ഫെൽപ്സും കോച്ച് ബോബ് ബൗമനും
ഫെൽപ്സിനെപ്പോലെ ഇച്ഛാശക്തിയും ഏകാഗ്രതയും ലക്ഷ്യബോധവുമുള്ള ഒളിമ്പിക് നീന്തൽ താരത്തെ താൻ കണ്ടിട്ടേയില്ലെന്ന് കോച്ച് ബോബ് ബൗമൻ സാക്ഷ്യപ്പെടുത്തി.
ഏഴ് ദശകത്തിനിടെ അമേരിക്കയുടെ ഒളിന്പിക് നീന്തൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പേരോടെയാണ് പതിനഞ്ചുകാരൻ മൈക്കൽ ഫെൽപ്സ് പുതിയ നൂറ്റാണ്ടിനെ വരവേൽക്കുന്ന 2000ലെ സിഡ്നി ഗെയിംസിനെത്തിയത്. അവിടെ മെഡലൊന്നും കിട്ടിയില്ലെങ്കിലും അവനത് വരുംകാലത്തേക്കുള്ള അരങ്ങൊരുക്കലായിരുന്നു.
ഏഴ് ദശകത്തിനിടെ അമേരിക്കയുടെ ഒളിന്പിക് നീന്തൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പേരോടെയാണ് പതിനഞ്ചുകാരൻ മൈക്കൽ ഫെൽപ്സ് പുതിയ നൂറ്റാണ്ടിനെ വരവേൽക്കുന്ന 2000ലെ സിഡ്നി ഗെയിംസിനെത്തിയത്. അവിടെ മെഡലൊന്നും കിട്ടിയില്ലെങ്കിലും അവനത് വരുംകാലത്തേക്കുള്ള അരങ്ങൊരുക്കലായിരുന്നു.
200 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ അഞ്ചാം സ്ഥാനം. നാലു വർഷം കഴിഞ്ഞ് ഏഥൻസിൽ കഥ മാറി. ആറു സ്വർണവും രണ്ട് വെങ്കലവുമായി എട്ട് മെഡലുകളോടെ ആ പത്തൊൻപതുകാരൻ അതിമാനുഷനായപ്പോൾ ലോകം അമ്പരന്നു.
ബീജിങ് ഒളിമ്പിക്സിൽ എട്ടാം സ്വർണം നേടി റെക്കോഡിട്ട ഫെൽപ്സിന്റെ ആഹ്ലാദം
2008 ബീജിങ്ങിലെത്തിയപ്പോൾ സർവം സ്വർണമയം. 400 മീറ്റർ വ്യക്തിഗത മെഡ്ലെ, 4×100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേ, 200 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ ബട്ടർഫ്ളൈ, 4×200 മീറ്റർ മെഡ്ലെ റിലേ, 200 മീറ്റർ വ്യക്തിഗത മെഡ്ലെ, 100 മീറ്റർ ബട്ടർഫ്ളൈ, 4×400 മീറ്റർ മെഡ്ലെ റിലേ എന്നിവയിലാണ് ചൈനീസ് തലസ്ഥാനത്ത് ഫെൽപ്സിന്റെ സ്വർണക്കൊയ്ത്ത്.
മിലോർഡ് സാവിച്ച്
100 മീറ്റർ ബട്ടർഫ്ളൈയിൽ കടുത്ത വെല്ലുവിളിയുയർത്തിയ സെർബിയയുടെ മിലോർഡ് സാവിച്ച് 99.9 മീറ്റർ വരെ മുന്നിലായിരുന്നു. പക്ഷേ നേരെ വിരിച്ചാൽ ആറരയടിയിലേറെ വരുന്ന ഫെൽപ്സിന്റെ കൈകളുടെ വലുപ്പം അത് മറികടന്നു. ആ നിമിഷം തന്നെയാണ് ഫെൽപ്സ് അമാനുഷനല്ലെന്ന് ലോകം അറിഞ്ഞതെന്ന് മത്സരശേഷം സാവിച്ച് പ്രതികരിച്ചു.
1972ലെ മ്യൂണിക് ഒളിമ്പിക്സിൽ അമേരിക്കയുടെ തന്നെ മാർക്ക് സ്പിറ്റ്സ് സ്ഥാപിച്ച ഏഴ് സ്വർണമെന്ന റെക്കോഡും ഫെൽപ്സ് തിരുത്തിയെഴുതി. 2012 ലണ്ടനിൽ നാല് സ്വർണവും രണ്ട് വെള്ളിയും കൂടി നേടിയതോടെ ഫെൽപ്സിന്റെ ഒളിമ്പിക് ശേഖരം പതിനെട്ട് സ്വർണവും രണ്ട് വീതം വെള്ളിയും വെങ്കലമുദ്രകളുമായി. ലണ്ടനിൽ അല്പം പിന്നോട്ടുപോയ ജലരാജൻ അന്ന് വിടവാങ്ങൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തിരിച്ചുവരികയായിരുന്നു.
തന്റെ ആരാധനാമൂർത്തിയെത്തന്നെ തോൽപ്പിച്ച് 100 മീറ്റർ ബട്ടർ ഫ്ലൈയിൽ ജോസഫ് സ്കൂളിങ് എന്ന ഇരുപത്തൊന്നുകാരൻ ഒന്നാമതെത്തിയപ്പോൾ 55 ലക്ഷം മാത്രം ജനസംഖ്യയുള്ള സിംഗപ്പൂരും ചരിത്രം മാറ്റിയെഴുതുകയായിരുന്നു. ഫെൽപ്സും ജോയും നേരത്തെതന്നെ പരസ്പരം അറിഞ്ഞവരാണ്.
2008ലെ ബീജിങ് ഒളിമ്പിക്സിന് പരിശീലനത്തിന് പോകുമ്പോൾ യു എസ് ടീം സിംഗപ്പൂരിൽ ഇറങ്ങിയപ്പോഴായിരുന്നു ഫെൽപ്സും പതിമൂന്നുകാരൻ ജോയും കണ്ടുമുട്ടിയത്. അന്ന് ഒന്നിച്ചെടുത്ത ഫോട്ടോ ഒളിമ്പിക്സ് മെഡൽ പോലെ സൂക്ഷിക്കുന്നുണ്ട് ജോ. അന്നത്തെ പയ്യൻ അതേ ഫെൽപ്സിനെ പിന്നിലാക്കി സ്വർണം തൊട്ടതാകട്ടെ, അദ്ദേഹത്തിന്റെ തന്നെ ഒളിമ്പിക് റെക്കോഡ് തകർത്തുകൊണ്ടുമാണ്.
നീന്തലിൽ അമേരിക്കയിൽ പരിശീലനം നേടിയ അവൻ ഏഷ്യൻ റെക്കോഡുകൾ തിരുത്തിയും കോമൺവെൽത്, ലോകചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടിക്കൊണ്ടുമാണ് റിയോയിൽ ഫെൽപ്സിനൊപ്പം മത്സരിക്കാനെത്തിയത്. വിജയത്തിലേക്കെത്തിച്ചത് ഫെൽപ്സിനെപ്പോലെ ആകണമെന്ന തന്റെ അഭിലാഷവും അതിനായി തീവ്രശ്രമം നടത്തിയതുമാണെന്ന് സിംഗപ്പൂരിന് ആദ്യ ഒളിമ്പിക് സ്വർണം സമ്മാനിച്ചുകൊണ്ട് ജോസഫ് സ്കൂളിങ് പറഞ്ഞു.
‘‘തോൽക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. പക്ഷേ ജോയുടെ നേട്ടത്തിൽ ഞാൻ അഭിമാനിക്കുന്നുണ്ട്.’’ സാക്ഷാൽ ഫെൽപ്സിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
നീന്തലിന് വേണ്ടി രൂപകൽപന ചെയ്ത ശരീരം
ചാഡ്ലി ക്ലോസ്
റിയോയിൽ 200 മീറ്റർ ബട്ടർഫ്ളൈയിൽ ഇരുപത്തിനാലുകാരനായ ദക്ഷിണാഫ്രിക്കയുടെ ചാഡ്ലി ക്ലോസായിരുന്നു ഫെൽപ്സിന്റെ മുഖ്യ എതിരാളി. ലണ്ടനിൽ ചാഡ്ലായിരുന്നു വിജയി. ബോക്സിങ്ങിലെ അലി‐ ഫ്രേസിയർ പോരാട്ടം പോലെയാണ് ഈ മത്സരത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
എന്നാൽ ഒരു മിനിറ്റ് 53.36 സെക്കൻഡിൽ അമേരിക്കൻ താരം സ്വർണത്തിലേക്ക് തുഴഞ്ഞെത്തി. ചാഡ്ലി മെഡൽ മേഖലയ്ക്ക് പുറത്ത് നാലാമനായി. ആ ജയത്തോടെ മുപ്പത്തൊന്നിന്റെ നിറവിൽ മൈക്കൽ ഫെൽപ്സ് ഒളിന്പിക് നീന്തലിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി.
നീന്തൽക്കുളത്തിൽ മൈക്കൽ ഫെൽപ്സ് ചക്രവർത്തിപദമേറിയതിനു പിന്നിൽ പൊതു അനുമാനങ്ങളെ മാറ്റിമറിക്കുന്ന അദ്ദേഹത്തിന്റെ ശരീരഘടനയ്ക്ക് വലിയ പങ്കുണ്ട്. ആ ഉടലിന്റെ ഘടന കടൽമത്സ്യത്തെപ്പോലെയോ ഡോൾഫിനെപ്പോലെയോ ആണ്. ആറടി നാലിഞ്ച് ഉയരം. ശരീരഭാരം 89 കിലോ. കൈവിരിവ് ആറടി ഏഴിഞ്ച്. ഉയരത്തേക്കാൾ മൂന്നിഞ്ച് കൂടുതൽ. നെഞ്ചളവ് 131 സെന്റീമീറ്റർ.
നീന്തൽക്കുളത്തിൽ മൈക്കൽ ഫെൽപ്സ് ചക്രവർത്തിപദമേറിയതിന് പിന്നിൽ പൊതുഅനുമാനങ്ങളെ മാറ്റിമറിക്കുന്ന അദ്ദേഹത്തിന്റെ ശരീരഘടനയ്ക്ക് വലിയ പങ്കുണ്ട്. ആ ഉടലിന്റെ ഘടന കടൽമത്സ്യത്തെപ്പോലെയോ ഡോൾഫിനെപ്പോലെയോ ആണ്. ആറടി നാലിഞ്ച് ഉയരം. ശരീരഭാരം 89 കിലോ. കൈവിരിവ് ആറടി ഏഴിഞ്ച്. ഉയരത്തേക്കാൾ മൂന്നിഞ്ച് കൂടുതൽ. നെഞ്ചളവ് 131 സെന്റീമീറ്റർ.
പാദത്തിന് നീളം 32 സെന്റീമീറ്റർ. ശരീരത്തിൽ കൊഴുപ്പിന്റെ അളവ് തീരെ കുറവ്. നീന്തുമ്പോൾ മിനിറ്റിൽ ഹൃദയം പമ്പ് ചെയ്യുന്നത് എട്ട് ഗാലൺ രക്തം. ശരാശരി മനുഷ്യന്റേത് 2.6 ഗാലൺ. ഒതുങ്ങിയ പങ്കായം പോലെ നീളമേറിയ കൈകൾ നീന്തുമ്പോൾ തുഴകൾ പോലെ പ്രവർത്തിക്കുന്നു. ജലത്തിന്റെ മർദത്തെ ആഴത്തിൽ കീറിമുറിച്ച് ചീറിപ്പായാൻ കഴിയുന്ന അസാധാരണത്വമുള്ള ശരീരഘടനയാണ് ഫെൽപ്സിന്റേത്.
പരിശീലനമാകട്ടെ ആറ് മണിക്കൂർ വീതം ആഴ്ചയിൽ ആറ് ദിവസം. ഓരോ ആഴ്ചയിലും 80 കിലോമീറ്റർ വീതം നീന്തും. ദിവസവും ശരാശരി പതിമൂന്ന് കിലോമീറ്റർ.
ചെറുപ്പത്തിലേ ഹൈപ്പർ ആക്ടീവായിരുന്ന മകനെ ജലത്തിലേക്ക് ഇറക്കിവിട്ട അമ്മയുടെ വിജയമാണ് ഫെൽപ്സിന്റെ മെഡലുകളെല്ലാം. ബാൾട്ടിമോറിലെ ഇന്റീരിയർ സ്കൂളിൽ പഠിക്കുമ്പോൾ അനിയന്ത്രിതമായ ശാരീരികവാസനകളാൽ അടങ്ങിയിരിക്കാത്ത കുട്ടിയായിരുന്നു ഫെൽപ്സ്. അതേ സ്കൂളിലെ അധ്യാപികയായിരുന്ന അവന്റെ അമ്മ ഡെബ്ബിയോട് മകനെക്കുറിച്ച് മറ്റു ടീച്ചർമാരെല്ലാം പരാതി പറഞ്ഞിരുന്നു.
അവന്റെ അച്ഛൻ ഫ്രെഡ് ഫെലിപ്സ് ഫെയർമൗണ്ട് സ്റ്റേറ്റ് കോളേജിൽ കായികാധ്യാപകനായിരുന്നു. ഫ്രെഡ് ‐ ഡെബ്ബി ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയായി 1985 ജൂൺ 30ന് ബാൾട്ടിമോറിലാണ് മൈക്കൽ ഫെൽപ്സ് ജനിച്ചത്. ഹിലരിയും വെറ്റ്നിയും അവന്റെ സഹോദരിമാർ. ഫെൽപ്സിന് എട്ട് വയസായപ്പോൾ അച്ഛനുമമ്മയും വേർപിരിഞ്ഞു. അച്ഛൻ അവനെ നീന്തലിലേക്കെത്തിച്ചെങ്കിലും വൈകാതെ അവർ അകന്നുപോയി.
താൻ വരുന്നതും മകനെ പ്രോത്സാഹിപ്പിക്കുന്നതും അവന്റെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നും അതിനാൽ അവന്റെ ലോകം സ്വയം സൃഷ്ടിക്കട്ടെ എന്നുമായിരുന്നു ഫ്രെഡിന്റെ നിലപാട്.
കുട്ടികൾ മൂന്നുപേരെയും ബാൾട്ടിമോറിലെ നീന്തൽക്കുളത്തിൽ ഡെബ്ബി പരിശീലനത്തിനയച്ചു. എന്നാൽ രണ്ട് സഹോദരിമാർക്കും ഓളപ്പരപ്പിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. അത് അമ്മയെ തളർത്തിയത് അവന് സഹിച്ചില്ല.
ഫെൽപ്സ് ലക്ഷ്യം മുന്നിൽ കുറിച്ച് നീന്തലിൽ തീവ്രമായി പരിശീലനം നടത്തി. പതിനൊന്നാം വയസിൽ പതിനേഴുകാരോടൊപ്പം നീന്തിത്തുടങ്ങിയ അവന്റെ കഴിവുകൾ ബൗമാന്റെ വിദഗ്ധ നിരീക്ഷണത്തിൽ രാകിമിനുക്കി. തുടർച്ചയായി അവൻ പുതിയ സമയങ്ങൾ കണ്ടെത്തി.
തുടർന്നുള്ള പ്രയാണത്തിൽ ഒളിന്പിക്സിന്റെ മുദ്രയായ അഞ്ച് വളയങ്ങൾ പോലെ ഫെൽപ്സിന്റെ കരിയറിലെ അഞ്ച് വിശ്വമേളകളും ചരിത്രത്തിന്റെ ഭാഗമായതിനാണ് കായികലോകം സാക്ഷ്യം വഹിച്ചത്.
എന്തുകൊണ്ട് ഇങ്ങനെയൊരു നീന്തൽക്കാരൻ
എന്തുകൊണ്ട് മൈക്കൽ ഫെൽപ്സിനെപ്പോലെ ഒരു നീന്തൽക്കാരൻ? പ്രപഞ്ചത്തിലെ ചില പ്രതിഭാസങ്ങൾക്ക് ഉത്തരമില്ലാത്തതുപോലെ ഈ ചോദ്യത്തിനും ഉത്തരമില്ല. ഒളിമ്പിക്സിൽ എക്കാലത്തെയും വലിയ സ്വർണവേട്ടക്കാരൻ എന്ന വിശേഷണത്തിൽ ഈ അമേരിക്കക്കാരനെ ഒതുക്കി നിർത്താനാവില്ല.
ബാല്യത്തിലെ അരക്ഷിതാവസ്ഥ കൗമാരത്തിലും അവനെ ബാധിച്ചു. ഒരർഥത്തിൽ നരകത്തിൽ നിന്ന് പറുദീസയിലേക്കുള്ള യാത്രയായിരുന്നു ഫെൽപ്സിന്റെ ജീവിതം. നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഇനി വയ്യ എന്നു തോന്നി വിരമിച്ചു. ആളും ആരവവും ഒഴിഞ്ഞതോടെ അരക്ഷിതാവസ്ഥ തലപൊക്കി. മദ്യവും മയക്കുമരുന്നും ജീവിതത്തിന്റെ ഭാഗമായി.
ഇനിയൊരു ഒളിമ്പിക്സിനില്ല എന്നുപറഞ്ഞ് ലണ്ടനിൽ നിന്ന് നാല് സ്വർണവുമായി മടങ്ങിയ ഇരുപത്തേഴുകാരന് ഒന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കേണ്ടി വന്നത് ജീവിതത്തെ അസ്വസ്ഥമാക്കി. അക്കാലത്ത് ഫെൽപ്സ് മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെയും മദ്യപിച്ച് കാറോടിക്കുന്നതിന്റെയും ചിത്രങ്ങളൊക്കെ പത്രങ്ങളിൽ നിറഞ്ഞു.
പരിശീലനം മുടങ്ങി. ഏകാഗ്രത നഷ്ടപ്പെട്ടു. വെള്ളത്തെ വെറുത്ത നാളുകളായി. വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെയും ഉറക്കമില്ലാതെയും ജീവിതം ദുസ്സഹമാക്കി. ഇടയ്ക്ക് താൻ കൂടെ കൂട്ടിയ ലഹരിയേക്കാൾ വലുതായിരുന്നില്ല അവന് മറ്റൊന്നും.
2016ലെ റിയോ ഒളിമ്പിക്സിൽ മത്സരിക്കുന്ന ഫെൽപ്സ്
ജലാശയത്തിലെ പ്രഭാവം കൈമോശം വന്ന ഫെൽപ്സ് 2014 ലെ യുഎസ് ചാമ്പ്യൻഷിപ്പിൽ ഒരു ഫൈനൽ പോലും അതിജീവിച്ചില്ല. പിന്നാലെ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചതിന് ശിക്ഷ. നീന്തലിൽ നിന്ന് ആറുമാസം വിലക്ക്. 2016 റിയോ ഒളിമ്പിക്സ് അകന്നുപോയതുപോലെ തോന്നിച്ച നാളുകൾ.
അപ്പോഴാണ് കൂട്ടുകാരനും അമേരിക്കൻ ഫുട്ബോൾ താരവുമായ റേ ലൂയിസിന്റെ നിർബന്ധത്തിൽ ഫെൽപ്സ് ചികിത്സയ്ക്ക് വിധേയനായത്. അരിസോണയിലെ ലഹരിമുക്ത ചികിത്സാകേന്ദ്രമായ മെഡോസിൽ ആറാഴ്ചത്തെ പുനരധിവാസം. ഭാരമായിത്തുടങ്ങിയ ഭൂതകാലത്തെ പിന്നിലുപേക്ഷിക്കാനുള്ള കഠിനപ്രയത്നത്തിന്റെ നാളുകൾ. ധാരാളം പുസ്തകങ്ങൾ വായിച്ചു. ‘ലക്ഷ്യബോധമുള്ള ജീവിതം’ എന്ന പുസ്തകം ഫെൽപ്സിനെ പുതിയ മനുഷ്യനാക്കി.
ഓളപ്പരപ്പിലെ സ്വർണമീനായ മൈക്കൽ ഫെൽപ്സ് എപ്പോഴൊക്കെ നീന്തലിൽ നിന്ന് മാറിനിന്നിട്ടുണ്ടോ അപ്പോഴൊക്കെ ആ ജീവിതം വഴിതെറ്റിയിട്ടുണ്ട്. ചികിത്സാകേന്ദ്രത്തിൽ നിന്ന് പുറത്തുവന്ന ഫെൽപ്സ് വീണ്ടും നീന്തൽക്കുളത്തിൽ പരിശീലനത്തിൽ സജീവമായി. അമ്മയെ പിരിഞ്ഞുപോയ അച്ഛൻ ഫ്രെഡുമായുള്ള പിണക്കം തീർത്തു. കാമുകി നിക്കോളിനെ ജീവിതത്തിലേക്ക് ചേർത്തു.
താൻ അരങ്ങേറ്റം കുറിച്ച സിഡ്നി ഒളിമ്പിക്സിൽ സ്വർണമെഡലുകൾ വാരിക്കൂട്ടിയ ഓസ്ട്രേലിയക്കാരൻ ഇയാൻ തോർപ് കരിയർ മതിയാക്കിയപ്പോൾ ഫെൽപ്സ് ഒരിക്കൽക്കൂടി നീന്തൽക്കുളവുമായി പ്രണയബദ്ധനായി. പക്ഷേ ഫെൽപ്സ് ഒളിമ്പിക് ടീമിൽ ഉൾപ്പെട്ടപ്പോൾ പോലും പഴയ ആരാധകർ വിശ്വസിച്ചിരുന്നില്ല അവന്റെ സ്വർണക്കൂട്ടിലേക്ക് ഇനിയും മെഡലുകൾ നിറയാൻ പോകുന്നുവെന്ന്.
2016 റിയോ ഒളിമ്പിക്സിലെ അവസാന മത്സരത്തിന് ശേഷം വിതുമ്പലോടെ കാണികൾക്ക് അഭിവാദ്യമർപ്പിക്കുന്ന ഫെൽപ്സ്
പിന്നെ റിയോ ഒളിമ്പിക്സ് 2016‐അവിടെ നീന്തലിലെ 104 മെഡലിൽ പതിനാറ് സ്വർണമടക്കം അമേരിക്ക 33 മെഡലുകൾ നേടിയപ്പോൾ അതിൽ മൈക്കൽ ഫെൽപ്സ് എന്ന ഒറ്റയാന്റെ സംഭാവന ഗണ്യമായി. മൊത്തം 116 മെഡലുകളിലെത്തിയ യുഎസ്എ 1984ന് ശേഷ (174) മുള്ള അവരുടെ ഏറ്റവും വലിയ മെഡൽക്കൊയ്ത്താണ് നടത്തിയത്.
ആധുനിക ഒളിമ്പിക്സിന്റെ പ്രകാശപൂർണമായ ചരിത്രത്തിലേക്ക് ഏഥൻസ് മുതൽ റിയോ വരെ നാല് ഗെയിംസുകളിലായി നീന്തൽക്കുളത്തിന്റെ നിത്യകാമുകൻ തുന്നിച്ചേർത്ത കിന്നരികൾ മായാമുദ്രിതമായി നിലനിൽക്കും. എല്ലാ വിശേഷണങ്ങൾക്കുമപ്പുറത്തേക്ക് സ്വയം കടന്നുപോയ ഒരു മനുഷ്യൻ. മൈക്കൽ ഫെൽപ്സെന്നാൽ ഒളിമ്പിക് സ്വർണമെഡൽ എന്നർഥം.
സ്വർണനേട്ടത്തിൽ മുൻ സോവിയറ്റ് യൂണിയന്റെ ജിംനാസ്റ്റിക്സ് ഇതിഹാസം ലാറിസ ലാറ്റിനിനയേക്കാൾ (1956‐64) ഇരട്ടിയിലേറെ തങ്കമുദ്രകൾ.
മത്സരിച്ച ഒളിമ്പിക് ഇനങ്ങളിൽ 93 ശതമാനത്തിലും വിജയം. കരിയറിൽ ലോകറെക്കോഡുകളുടെ എണ്ണത്തിലും (30) റെക്കോഡിട്ടവൻ. ഫെൽപ്സ് ഒരു രാജ്യമായിരുന്നെങ്കിൽ ഇതുവരെയുള്ള ഒളിമ്പിക്സുകളിൽ എക്കാലത്തെയും മെഡൽ നേട്ടത്തിൽ മുപ്പത്തിയെട്ടാം സ്ഥാനത്തെത്തുമായിരുന്നു. അദ്ദേഹത്തെപ്പോലെ നീന്തൽ ചരിത്രം മാറ്റിയെഴുതിയ മറ്റൊരാളില്ല.
ഇങ്ങനെയൊരു സഹസ്രാബ്ദങ്ങളുടെ ജലരാജനെ ലോകചരിത്രത്തിൽ ഇനി എപ്പോഴെങ്കിലും കണ്ടെത്തുക ഒരുപക്ഷേ അസാധ്യമായിരിക്കും. എങ്കിലും പാരീസ് വിളിക്കുന്നു. നമുക്ക് മുപ്പത്തിമൂന്നാം ഒളിമ്പിക്സിന്റെ ജലപരീക്ഷയിലേക്ക് കൺപാർത്തിരിക്കാം.