തിരുവനന്തപുരം > അമേരിക്കയിലെ പ്രധാനപ്പെട്ട എഐ, എഡ്ജ് കമ്പ്യൂട്ടിങ്ങ് കമ്പനികളിലൊന്നായ അർമാഡയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് കേരളത്തിൽ ആരംഭിച്ചു. തിരുവനന്തപുരം ടെക്നോപാർക്കിലാണ് അർമാഡയുടെ ആർ&ഡി ഓപ്പറേഷൻസ് ആരംഭിച്ചിരിക്കുന്നത്. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ നിരവധിയിടങ്ങളിൽ കമ്പനി ആരംഭിക്കുന്നതിനായുള്ള സ്ഥലം അന്വേഷിച്ചതിന് ശേഷമാണ് കേരളത്തെ തെരഞ്ഞെടുത്തത് എന്നത് അഭിമാനകരമായ വസ്തുതയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ലൈഫ് സയൻസ്, പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സംസ്ഥാനത്തെ ഹബ്ബായ തിരുവനന്തപുരത്തിന് ഈ മേഖലകളിലെ സാങ്കേതിക വികസനത്തിന് വലിയ സാധ്യതയാണുള്ളത്. ഇതിന് പ്രചോദനമേകാൻ അർമാഡയ്ക്ക് സാധിക്കും. മൈക്രോസോഫ്റ്റ് വെഞ്ച്വർ ഫണ്ടിങ്ങിൽ നിന്ന് 40 മില്യൺ ഡോളറിൻ്റെ സഹായം ഈയടുത്ത് അർമാഡ നേടിയിരുന്നു. ഇതിനൊപ്പം തന്നെ സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള വലിയ കമ്പനികളുമായും സഹകരിക്കുന്ന കമ്പനിയാണ് അർമാഡ. ഇത്തരമൊരു കമ്പനിയുടെ കേരളത്തിലേക്കുള്ള കടന്നുവരവ് നാലാം വ്യവസായ വിപ്ലവ മേഖലയിൽ കേരളം രാജ്യത്തിൻ്റെ സുപ്രധാന ശക്തിയായി വളർന്നുകൊണ്ടിരിക്കുന്നു എന്നതിൻ്റെ ഉദാഹരണം കൂടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അവസരങ്ങൾക്കു പുറമേ എഐ മേഖലയിലെ നിക്ഷേപത്തിന് സംസ്ഥാനത്ത് വലിയ സാധ്യതകളാണുള്ളതെന്ന് എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. അർമഡയുടെ ഓഫീസ് തുറക്കുന്നതിന് ഇന്ത്യയിലെ പല സ്ഥലങ്ങളും പരിഗണിച്ചിരുന്നുവെന്നും മികച്ച എഞ്ചിനീയറിംഗ് വിദ്യഭ്യാസ സ്ഥാപനങ്ങളും മികച്ച ടാലൻ്റുകളുടെ ലഭ്യതയുമാണ് കേരളം തെരഞ്ഞെടുക്കുന്നതിന് കാരണമായതെന്നും കമ്പനിയുടെ സ്ഥാപക സിടിഒ പ്രദീപ് നായർ അഭിപ്രായപ്പെട്ടു.
അർമാഡ സ്ഥാപക ചീഫ് ടെക്നോളജി ഓഫീസർ പ്രദീപ് നായർ അധ്യക്ഷനായി. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഐ ആൻഡ് പിആർഡി സെക്രട്ടറിയും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ് ഹരികിഷോർ, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട.), അർമഡ എൻജിനീയറിങ് വൈസ് പ്രസിഡൻറ് അനീഷ് സ്വാമിനാഥൻ, അർമഡയുടെ ഇന്ത്യയിലെ ആർ ആൻഡ് ഡി വിഭാഗം മേധാവി ശരത് ചന്ദ്രൻ, ടെക്നോപാർക്കിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.