മേപ്പാടി > വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 317 ആയെന്ന് അനൗദ്യോഗിക കണക്ക്. ഇന്ന് ഉച്ചക്ക് മുമ്പ് മാത്രം 13 മൃതദേഹവും നാല് ശരീരഭാഗങ്ങളും ലഭിച്ചു. 200ലധികം പേരെ കാണാനില്ലെന്നാണ് പ്രദേശവാസികളും ജനപ്രതിനിധികളും പറയുന്നത്. ഇതിന്റെ കൃത്യമായ കണക്ക് റവന്യൂവകുപ്പ് തയ്യാറാക്കി വരികയാണ്. 49 കുട്ടികൾ ദുരന്തത്തിനിരയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ദുരന്തഭൂമിയിൽ നിന്ന് ജീവനോടെയുള്ള എല്ലാവരെയും പുറത്തെത്തിച്ചു കഴിഞ്ഞു എന്നാണ് സൈന്യം അറിയിക്കുന്നത്. ഇനി കൂടുതൽ മൃതദേഹങ്ങളുണ്ടോ എന്ന തിരച്ചിലാണ് നടക്കുന്നതെന്നും രക്ഷാപ്രവർത്തകർ പറയുന്നു.
ഹിറ്റാച്ചികൾ ഉപയോഗിച്ചുകൊണ്ട് മണ്ണുമാറ്റിയുള്ള പരിശോധനകളാണിപ്പോൾ നടക്കുന്നത്. ബെയ്ലി പാലത്തിലൂടെ ഭാരംകൂടിയ വാഹനങ്ങളും കൂടുതൽ യന്ത്രങ്ങളും ദുരന്തമേഖലയിലേക്ക് എത്തിക്കാനായതോടെ ദൗത്യത്തിന് വേഗം കൂടിയിട്ടുണ്ട്. മണ്ണിനടിയിൽ മനുഷ്യ സാന്നിധ്യം ഉണ്ടോ എന്നറിയാൻ ഡോഗ്സ്ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൂടുതൽ വിശദമായ പരിശോധനകൾക്കായി ഡൽഹിയിൽ നിന്നും പ്രത്യേക റഡാർ വയനാട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. ഇന്നും ശനിയാഴ്ചയും ഇതുപയോഗിച്ചുള്ള പരിശോധന നടത്തും. ഭൂമിക്കടിയിൽ കുറേക്കൂടി ആഴത്തിലുള്ള പരിശോധന ഇതിലൂടെ സാധ്യമാകും.
പ്രദേശത്ത് കനത്ത കോടമഞ്ഞും ഇടക്കിടെയെത്തുന്ന മഴയും രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. എന്നിരുന്നാലും തിരച്ചിൽ തുടരാൻ തന്നെയാണ് തീരുമാനം. കാണാതായ മുഴുവൻ പേരെക്കുറിച്ചും ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിക്കും വരെ തിരച്ചിൽ തുടരുമെന്നാണ് സംസ്ഥാന സർക്കാർ അറിയിക്കുന്നത്.
പ്രദേശത്ത് ഉരുൾപൊട്ടൽ നേരിട്ട് ബാധിക്കാത്ത ചില ഇടങ്ങളിൽ വീടുകളിൽ ആളുകൾ താമസിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ പടവെട്ടിയിലുള്ള ഒറ്റപ്പെട്ടുപോയ ഒരു കുടുംബത്തെ ഫയർഫോഴ്സ് ഇന്ന് രക്ഷിച്ചു. വനമേഖലയിൽ ആദിവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർ സ്ഥലം വിട്ടു പോകാൻ തയാറാകുന്നില്ലെന്നാണ് രക്ഷാപ്രവർത്തകർ അറിയിക്കുന്നത്. പ്രദേശം ഒറ്റപ്പെട്ടുപോയതിനാൽ ഇവർക്കുള്ള ഭക്ഷണമടക്കം എത്തിച്ചു നൽകുന്നുണ്ട്.
ചാലിയാറിലൂടെ കൂടുതൽ മൃതദേഹം ഒഴുകിപ്പോയിട്ടുണ്ടോ എന്നറിയാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ദുരന്തമേഖല മുതൽ കോഴിക്കോട് നഗരം വരെ തിരച്ചിൽ നടത്താനാണ് തീരുമാനം. 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരും ചേർന്ന് ബോട്ടുകളിൽ തിരച്ചിൽ നടത്തുന്നുണ്ട്. കൂളിയാറിൽ വയനാട്ടിൽ നിന്നുള്ള ആറംഗ സ്കൂബഡൈവിങ് സംഘം പരിശോധന തുടരുകയാണ്. നാല് ഡ്രോണുകളും കേരള പൊലീസിന്റെ ഹെലികോപ്റ്ററും ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തിരച്ചിൽ പുരോഗമിക്കുന്നു. ഇത് കൂടുതലും വനമേഖല കേന്ദ്രീകരിച്ചാണ്. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തുകയാണ്. കഡാവർ നായ്ക്കളും തിരച്ചിലിനുണ്ട്. ഇന്ന് നിലമ്പൂരിൽ നിന്ന് ചാലിയാറിൽ ഒഴുകി വന്ന ആറ് മൃതദേഹവും മൂന്ന് ശരീരഭാഗവും കണ്ടെത്തി. കോഴിക്കോട് ഭാഗത്തും ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.