ചൂരൽമല
ഉരുൾപൊട്ടി പിളർന്ന മുണ്ടക്കൈയുടെ താഴ്വാരത്തിൽ അതിജീവനപ്പാലം പണിത് കേരളത്തിന്റെ രക്ഷാദൗത്യം തുടരുകയാണ്. ചൂരൽമലയിൽ 190 അടി നീളമുള്ള ബെയ്ലി പാലത്തിന്റെ നിർമാണം വ്യാഴം വൈകിട്ടോടെ കരസേനയുടെ മദ്രാസ് റെജിമെന്റിലുള്ള എൻജിനീയറിങ് വിഭാഗം പൂർത്തിയാക്കി. 24 ടൺ ഭാരം താങ്ങാൻ ശേഷിയുളള ബെയ്-ലി പാലത്തിലൂടെ ഭാരവാഹനങ്ങളും യന്ത്രസാമഗ്രികളും എത്തിച്ചതോടെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിൽ രക്ഷാദൗത്യം ഇനി അതിവേഗത്തിലാകും.
മണ്ണിനടിയിൽ ജീവനുള്ള മനുഷ്യർ ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിയതായി രക്ഷാപ്രവർത്തനത്തിന്റെ മൂന്നാംദിനം സൈന്യവും മുഖ്യമന്ത്രിയും അറിയിച്ചു. അവശേഷിക്കുന്ന അവസാനത്തെ മനുഷ്യജീവനും പുറത്തെടുക്കുംവരെ രക്ഷാപ്രവർത്തനം തുടരും. 279പേർ മരിച്ചതായാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. കണ്ടെടുത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. 179 മൃതദേഹങ്ങളും 100 ശരീരഭാഗങ്ങളും ഉൾപ്പെടെ വ്യാഴാഴ്ച പകൽ 1.30വരെ 279പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. വ്യാഴാഴ്ച മാത്രം 23 മൃതദേഹങ്ങൾ കണ്ടെടുത്തു. ആകെ 299 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നുണ്ട്. തിരിച്ചറിഞ്ഞ 105 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
കൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങളും സന്നാഹങ്ങളും ഉപയോഗിച്ച് മുണ്ടക്കൈയിലും ചൂരൽമലയിലും കെട്ടിടാവശിഷ്ടവും മണ്ണും ചെളിയും നീക്കി പരിശോധന നടത്തി. മണ്ണിൽ പുതഞ്ഞ ഏഴ് മൃതദേഹം രണ്ടിടത്തുനിന്നായി കണ്ടെത്തി. ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിലെത്തിയ മൃതദേഹങ്ങൾക്കായി തിരച്ചിൽ മൂന്നാംദിനവും തുടർന്നു. അമൃത മെഡിക്കൽ കോളേജിന്റെ മൊബൈൽ മെഡിക്കൽ ഡിസാസ്റ്റർ യൂണിറ്റ് മേപ്പാടിയിൽ എത്തിച്ചു.
വയനാട്ടിലാകെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,328 പേരെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടൽബാധിത പ്രദേശത്തെ ഒമ്പത് ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2,328 പേരുണ്ട്. ഒറ്റപ്പെട്ട അട്ടമലയിലെ ആദിവാസികളെ ഉൾപ്പെടെ രക്ഷാപ്രവർത്തകർ ക്യാമ്പുകളിലേക്ക് മാറ്റി.
● 252 പോസ്റ്റ്മോർട്ടം
പൂർത്തിയാക്കി
● ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നു
● 96 മൃതദേഹങ്ങൾ
ബന്ധുക്കൾക്ക് വിട്ടുനൽകി
● അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾ
സംസ്കരിക്കാൻ പ്രോട്ടോക്കോൾ
● തിരിച്ചറിയപ്പെടാത്തവ സംസ്കരിക്കുന്നത്
പഞ്ചായത്തുകൾ
കോട്ടനാട് ഗവ. യുപി സ്കൂളിലെ ക്യാമ്പ് സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പിൽ കഴിയുന്നവരുമായി സംസാരിക്കുന്നു. ഫോട്ടോ: മിഥുൻ അനില മിത്രൻ
ആശ്വാസമേകി മുഖ്യമന്ത്രി
ദുരിതാശ്വാസപ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി. സിവിൽ സ്റ്റേഷനിൽ സർവകക്ഷിയോഗം ചേർന്ന് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. തുടർന്ന് ചൂരൽമലയിലെ ദുരന്തബാധിത പ്രദേശം സന്ദർശിച്ചു. കോട്ടനാട് ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച മുഖ്യമന്ത്രി ക്യാമ്പിൽ കഴിയുന്നവരെ ആശ്വസിപ്പിച്ചു. മന്ത്രിമാരും അദ്ദേഹത്തോടൊപ്പമുണ്ടായി.