തിരുവനന്തപുരം
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ മുഖംമങ്ങി കോൺഗ്രസ്. 49 തദ്ദേശ സ്ഥാപനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ 19 ഇടത്ത് മാത്രമാണ് യുഡിഎഫിന് ജയിക്കാനായത്. കൈവശമുണ്ടായിരുന്ന ഏഴ് സീറ്റുകൾ നഷ്ടമായി. ജില്ലാ പഞ്ചായത്തിലെ സിറ്റിങ് സീറ്റടക്കം തലസ്ഥാന ജില്ലയിൽ നഷ്ടപ്പെട്ടത് നേതൃത്വത്തിന് നാണക്കേടായി.
ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് തിരുവനന്തപുരം വെള്ളനാട് ഡിവിഷനിൽ മാത്രമാണ് നടന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ച സീറ്റ് ഇക്കുറി 1143 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ബ്ലോക്ക് ഡിവിഷനുകളിലും നഗരസഭാ, പഞ്ചായത്ത് വാർഡുകളിലും യുഡിഎഫിന് തിരിച്ചടിയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പ് ജയത്തിന്റെ പ്രതിഫലനം ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ, 12 ഇടത്ത് മാത്രമാണ് ജയിക്കാനായത്.
വയനാട്ടിലെ നേതൃയോഗത്തിന് പിന്നാലെ കോൺഗ്രസിൽ കലാപം ഉരുണ്ടുകൂടിയിട്ടുണ്ട്. കെപിസിസി പുനഃസംഘടനയടക്കമുള്ള കാര്യങ്ങളെ ചൊല്ലിയാണ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഏറ്റുമുട്ടുന്നത്. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്കുപിന്നാലെ പുനഃസംഘടന നടത്താനാണ് നേതൃത്വം ആലോചിച്ചിരുന്നത്. കലാപം മുന്നിൽക്കണ്ടാണ് തെരഞ്ഞെടുപ്പിനുശേഷം മതിയെന്ന് നിലപാടെടുത്തത്.