ചൂരൽമല
മുണ്ടക്കൈയുടെ എല്ലായിരുന്നു ഗവ. എൽപി സ്കൂൾ. നാടിന്റെ എന്ത് ആഘോഷത്തിനും നാട്ടുകാർ ഒത്തുചേരുന്നയിടം. മഴക്കാലത്ത് പലപ്പോഴും ദുരിതാശ്വാസ ക്യാമ്പുമായി. ഇന്നതിന്റെ മുക്കാൽ ഭാഗവുമില്ല. സ്കൂളിനെക്കാൾ കുട്ടികളെ നഷ്ടപ്പെട്ടതാണ് അധ്യാപകർക്ക് വേദനയാകുന്നത്. ആറ് വിദ്യാർഥികളെ ഇനിയും കണ്ടുകിട്ടാനുണ്ട്.
സ്കൂളിലെ കുരുന്നുകളെത്തേടി ക്യാമ്പുകളും ആശുപത്രികളും കയറിയിറങ്ങുകയാണ് അധ്യാപകരായ സിജിനയും അശ്വതിയും ശാലിനിയും. ഈ അധ്യയനവർഷം മേപ്പാടി, മീനങ്ങാടി സ്കൂളിലേക്ക് സ്ഥലം മാറിപ്പോയതാണ് ഇവർ. എന്നാൽ പ്രിയപ്പെട്ടവരെ ദുരന്തം വിഴുങ്ങിയതറിഞ്ഞ് ഓടിയെത്തുകയായിരുന്നു. അഞ്ച് വിദ്യാർഥികളുടെ മൃതദേഹം ഇവർ തിരിച്ചറിഞ്ഞു. പ്രീപ്രൈമറി മുതലുള്ള സ്കൂളിൽ ഭൂരിപക്ഷവും തോട്ടം തൊഴിലാളികളുടെ മക്കളാണ്. അപകടത്തിൽ ഇവരുടെ പാടികൾ പാടേ നാമാവശേഷമായി. പലരെയും കാണാതായി. ഇതിൽ വിദ്യാർഥികളും ഉൾപ്പെട്ടു. വീട്ടിലെ എല്ലാവനെയും കാണാതായപ്പോഴും രക്ഷപ്പെട്ട യുകെജി വിദ്യാർഥി സിദാറത്തുൽ മുത്തഹ ബന്ധുവീട്ടിൽ കഴിയുകയാണ്. കാണാതായ വിദ്യാർഥികൾ സുരക്ഷിതരായി എവിടെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ.