ചെന്നൈ > സോളോ ഹിറ്റുകള്‍ ഇല്ലെന്ന് വിമര്‍ശിക്കപ്പെട്ട വിജയ് സേതുപതിയുടെ ബോക്സ് ഓഫീസിലേക്കുള്ള തിരിച്ചുവരവായിരുന്നു മഹാരാജ. 100 കോടിയിലേറെയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 20 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് മഹാരാജ. ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷന് സ്റ്റുഡിയോസ് ബാനറുകളില്‍ സുധന് സുന്ദരം, ജഗദീഷ് പളനിസാമി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രം എന്ന പ്രത്യേകതയുമായാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇക്കാരണത്താല്‍ തന്നെ വിജയ് സേതുപതിക്ക് വിജയ പ്രതീക്ഷ ഉണ്ടായിരുന്ന ചിത്രമായിരുന്നു മഹാരാജ.
റിലീസിന് മുന്‍പ് ഒരു രൂപ പോലും വിജയ് സേതുപതി പ്രതിഫല ഇനത്തില്‍ വാങ്ങിയില്ല. 20 കോടി എന്ന ബജറ്റ് വര്‍ധിപ്പിക്കേണ്ട എന്ന് കരുതിയായിരുന്നു താരം പ്രതിഫലം വാങ്ങാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രം 100 കോടിയില്‍ അധികം കളക്റ്റ് ചെയ്തതിനാല്‍ നല്ലൊരു തുക അദ്ദേഹത്തിന് നിര്‍മ്മാതാവില്‍ നിന്ന് ലഭിക്കും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിതിലന് സ്വാമിനാഥനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒടിടിയില്‍ എത്തിയപ്പോള്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.