ആഗോള ബോക്സോഫീസിൽ ചലനം സൃഷ്ടിച്ച് സൂപ്പർ ഹീറോകളായ ഡെഡ്പൂളും വോൾവറിനും. ജൂലൈ 26ന് പുറത്തിറങ്ങിയ ഡെഡ്പൂൾ ആൻഡ് വോൾവറിൻ ഇതുവരെ നേടിയത് 545 മില്യൺ ഡോളറാണ് (4565 കോടി രൂപ). മികച്ച പ്രതികരണമാണ് ചിത്രത്തിന് ആഗോളതലത്തിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.
നിലവിലെ രീതിയിൽ തുടർന്നാൽ ബോക്സോഫീസിൽ നിന്ന് റെക്കോർഡ് കളക്ഷൻ നേടുമെന്നാണ് സിനിമ ട്രാക്കിങ് സൈറ്റുകളുടെ വിലയിരുത്തൽ. ഇന്ത്യയിൽ നിന്ന് നേടിയിട്ടുള്ള നെറ്റ് കളക്ഷൻ 84 കോടിയാണ്. ഇത് 100 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങന സംഭവിച്ചാൽ ഇന്ത്യയിൽ റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആറാമത്തെ ഹോളിവുഡ് ചിത്രമായി ഡെഡ്പൂൾ ആൻഡ് വോൾവറിൻ മാറും.
1510 മില്യൺ ഡോളർ നേടിയ ഡിസ്നി അനിമേഷൻ ചിത്രം ഇൻസൈഡ് ഔട്ട് ആണ് ഈ വർഷം ഇതുവരെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം. വാർണർ ബ്രദേഴ്സിന്റെ ഡ്യൂൺ പാർട് 2 (711 മില്യൺ), യൂണിവേഴ്സൽ സിനിമാസിന്റെ ഡെസ്പിക്കബിൾ മീ 4 (684 മില്യൺ), വാർണർ ബ്രദേഴ്സിന്റെ ഗോഡ്സില vs. കോങ്: ദ ന്യൂ എമ്പയർ (569 മില്യൺ), യൂണിവേഴ്സൽ സിനിമാസിന്റെ കുങ്ഫു പാണ്ട (546 മില്യൺ) എന്നീ ചിത്രങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. അടുത്ത ആഴ്ചയിലും ഇതേ നില തുടർന്നാൽ ഗോഡ്സിലയെ മറികടന്ന് ഡെഡ്പൂൾ ആൻഡ് വോൾവറിൻ അഞ്ചാം സ്ഥാനത്തെത്തുമെന്നാണ് ട്രാക്കിങ് സൈറ്റുകൾ പ്രവചിക്കുന്നത്.