പാരിസ് > ഒളിമ്പിക്സ് ബോക്സിങ്ങിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നിഖാത് സരീൻ പുറത്ത്. 50 കിലോ ഗ്രാം വിഭാഗത്തിലെ പ്രീക്വാർട്ടർ മത്സരത്തിൽ നിന്നുമാണ് നിഖാത് സരീൻ പുറത്തായത്. ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാവായ ചൈനയുടെ വു യുവിനോട് പരാജയപ്പെട്ടാണ് നിഖത് സരീന്റെ മടക്കം. 5-0 നാണ് നിഖാതിന്റെ പരാജയം.
രണ്ട് തവണ ലോക ചാമ്പ്യനായ നിഖാത് ഇന്ത്യയ്ക്ക് സജീവമായ മെഡൽ പ്രതീക്ഷ നിലനിർത്തിയ താരമായിരുന്നു. നിഖാത് സരീന്റെ ആദ്യ ഒളിമ്പിക്സാണ് പാരീസിലേത്.
ബോക്സിങ്ങിൽ ലവ്ലിന ബൊർഗോഹെയ്ൻ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ നിലനിർത്തുന്ന താരമാണ്. വനിതകളുടെ 75 കിലോ വിഭാഗത്തിലാണ് ലവ്ലിന മത്സരിക്കുന്നത്. 2022ലെ ലോക ജൂനിയർ ചാമ്പ്യനായ നോർവെയുടെ സുന്നിവ ഹൊഫ്സ്റ്റാഡിനെ 5-0ന് ഇടിച്ചിട്ടായിരുന്നു താരത്തിന്റെ ക്വാർട്ടർ പ്രവേശനം. ടോക്യോയിൽ വെങ്കലമെഡൽ നേടിയ അസമുകാരിക്ക് സെമിയിലെത്തിയാൽ തുടർച്ചയായ രണ്ടാം ഒളിമ്പിക് മെഡൽ ഉറപ്പിക്കാം. ക്വാർട്ടറിൽ ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ ചൈനയുടെ ലി ക്വിനയാണ് എതിരാളി. രണ്ട് ഒളിമ്പിക് മെഡലും മൂന്നുതവണ ലോകചാമ്പ്യനുമാണ് ലി ക്വിന. ഞായറാഴ്ച മൂന്നിനാണ് ക്വാർട്ടർ പോരാട്ടം.