മേപ്പാടി
എങ്ങും കരഞ്ഞുകലങ്ങിയ കണ്ണുകൾ, മൃതദേഹങ്ങൾ എത്തിക്കുമെന്ന് അറിഞ്ഞതുമുതൽ കാത്തിരിപ്പ്. പെരുമഴയിലും സ്കൂൾ മൈതാനം മുഴുവൻ ജനം നിറഞ്ഞു. നിലമ്പൂരിൽനിന്ന് ആംബുലൻസുകൾ എത്തിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സന്നദ്ധപ്രവർത്തകർ പാടുപെട്ടു. ബന്ധുക്കളെ മൃതദേഹങ്ങളുള്ള മുറിയിലേക്ക് കടത്തിവിട്ടുതുടങ്ങിയതോടെ മുഖങ്ങളിൽ ആശങ്ക.
ചാലിയാർ പുഴയിലൂടെ ഒഴുകിയ മൃതദേഹങ്ങൾ എത്തിച്ച മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബുധനാഴ്ച സാക്ഷിയായത് ഹൃദയഭേദക രംഗങ്ങൾക്ക്.
ഉറ്റവരെക്കുറിച്ചുള്ള വിവരങ്ങളറിയാൻ കാത്തിരിക്കുന്നവരെകൊണ്ട് നിറഞ്ഞ സ്കൂൾ പരിസരത്തേക്ക് 10 ആംബുലൻസുകളിലായി രാത്രിയോടെ 17 മൃതദേഹങ്ങളും ശരീരഭാഗങ്ങളും എത്തിച്ചു. ജനക്കൂട്ടത്തിനിടയിലൂടെ ക്ലാസ് മുറികളിലേക്ക് മൃതദേഹങ്ങൾ മാറ്റി. പൊലീസിന്റെയും ഡിവൈഎഫ്ഐയുടെയും മറ്റു സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങൾ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഫ്രീസറിലാക്കിയാണ് മൃതദേഹങ്ങൾ എത്തിച്ചത്. ഓരോ ആബുലൻസിലും സന്നദ്ധ പ്രവർത്തകരുമുണ്ടായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കാത്തിരിപ്പ് കൂടിയതോടെ ബന്ധുക്കളുടെ ചിത്രങ്ങൾ ഫോണിൽ ഉയർത്തിക്കാണിച്ചുകൊണ്ടാണ് പലരുംനിന്നത്. കുട്ടികളടക്കമുള്ളവരുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് വിതുമ്പുന്ന മുഖങ്ങൾ കണ്ടുനിന്നവരുടെയും കണ്ണുനിറച്ചു. മന്ത്രിമാരായ വി എൻ വാസവൻ, കെ കൃഷ്ണൻകുട്ടി എന്നിവർ സ്കൂളിലെത്തിയിരുന്നു.