പാരിസ്
സെൻ നദിയിലെ വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടാത്തതിനെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന പുരുഷൻമാരുടെ ട്രയാത്ലൺ മത്സരം ഇന്നത്തേക്ക് മാറ്റി. വനിതകളുടെ മത്സരവും ഇന്നാണ്.
അവസാന റിസർവ് ദിവസമായ വെള്ളിയാഴ്ചയും ശുദ്ധീകരണം സാധ്യമായില്ലെങ്കിൽ നീന്തൽ ഒഴിവാക്കി സൈക്ലിങ്, ഓട്ടം എന്നിവയിൽ ഒതുക്കും. വെള്ളത്തിന്റെ ഗുണനിലവാരം സ്വീകാര്യമായ നിലവാരത്തിന് താഴെയായതിനാൽ പരിശീലനത്തിന് അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ മലിനജലം നേരിട്ട് സെൻ നദിയിലേക്ക് പതിച്ചതോടെയാണ് വെള്ളത്തിന്റെ ഗുണനിലവാരം മോശമായത്.
ആഗസ്ത് എട്ട്, ഒമ്പത് തീയതികളിൽ നടക്കേണ്ട 10 കിലോമീറ്റർ മാരത്തൺ നീന്തൽ മത്സരം ആവശ്യമെങ്കിൽ പാരിസിനു കിഴക്ക് മാർനെ നദിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.















