പാരിസ്> ബാഡ്മിന്റൺ പുരുഷ ഡബിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. രണ്ടാംമത്സരത്തിൽ ജർമനിയുടെ മാർക്ക് ലാംസ്ഫഡ്–- മർവിൻ സെയ്ഡൻ സഖ്യവുമായായിരുന്നു ഇന്ത്യ മത്സരിക്കേണ്ടിയിരുന്നത്. ലാംസ്ഫഡിന് പരിക്കേറ്റതോടെ ജർമനി മത്സരത്തിൽനിന്ന് പിൻമാറി.
ആദ്യമത്സരത്തിൽ സാത്വിക്–-ചിരാഗ് സഖ്യം ഫ്രാൻസിന്റെ ലൂകാസ് കോർവ്–-റൊനാൻ ലാബർ ടീമിനെ 21–-17, 21–-14ന് മറികടന്നിരുന്നു. വനിതാവിഭാഗം ഡബിൾസിൽ തുടർച്ചയായ രണ്ടാംതോൽവിയോടെ ഇന്ത്യയുടെ അശ്വനി പൊന്നപ്പ–- താനിഷ ക്രാസ്റ്റോ സഖ്യം പുറത്താകലിന്റെ വക്കിലാണ്. ജപ്പാന്റെ നമി മാറ്റ്സ്വാമ–-ചിഹരു ഷിദ സഖ്യം നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യയെ മറികടന്നത്. സ്കോർ: 21–-11, 21–-12. ഉത്തര കൊറിയയുമായുള്ള ആദ്യമത്സരത്തിലും ഇന്ത്യൻ സഖ്യം പരാജയപ്പെട്ടിരുന്നു. നിലവിൽ സി ഗ്രൂപ്പിൽ നാലാമതാണ് ഇന്ത്യ.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ബെൽജിയത്തിന്റെ ജൂലിയൻ കരാഗിയെ 21–-19, 21–-14ന് മറികടന്നു. ആദ്യമത്സരത്തിൽ ലക്ഷ്യ സെൻ ഗ്വാട്ടിമാലയുടെ കെവിൻ കോർഡോബയെ മറികടന്നിരുന്നെങ്കിലും ഈ വിജയം റദ്ദാക്കി. പരിക്കേറ്റ കോർഡോബ മത്സരശേഷം ഒളിമ്പിക്സിൽനിന്ന് പിൻമാറിയതോടെയാണ് മത്സരം റദ്ദാക്കിയതായി പ്രഖ്യാപിച്ചത്.