പാലക്കാട്> പാലക്കാട് ആണവ നിലയം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. സംസ്ഥാന സർക്കാർ നയപരമായി എടുക്കേണ്ട തീരുമാനമാണിതെന്നും വൈദ്യുതി ബോർഡിന് തീരുമാനം എടുക്കാനാവില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വൈദ്യുതി ലഭ്യതയ്ക്ക് പുതിയ വഴികൾ തേടുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ചില ആശയങ്ങൾ മുന്നോട്ടുവച്ചിരുന്നു. ന്യൂക്ലിയർ പവർ കോർപ്പറേഷനിൽനിന്ന് അധികവൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാക്കാനുള്ള ചർച്ചകളാണ് നടന്നത്. പൊതുസമവായം രൂപപ്പെട്ടാൽ മാത്രമേ ആണവനിലയം എന്ന വിഷയത്തിൽ മുന്നോട്ടുപോകാനാകൂ.
രാത്രിയും പകലും വൈദ്യുതി നിരക്കിൽ വ്യത്യാസം വരുത്തുന്നത് റെഗുലേറ്ററി കമീഷനാണ് തീരുമാനിക്കേണ്ടത്. ഉപഭോക്താക്കൾക്ക് ഗുണകരമാവുന്ന നിർദേശം ബോർഡ് മുന്നോട്ടുവച്ചിട്ടുണ്ട്. വിലക്കുറവിൽ വൈദ്യുതി കിട്ടുന്ന സമയത്തെ ആനുകൂല്യം ഉപഭോക്താക്കൾക്കുകൂടി അനുവദിക്കുകയാണ് ലക്ഷ്യം. നിരക്കിലെ വ്യതിയാനം ഉപഭോക്താക്കൾക്ക് ഗുണം മാത്രമാണുണ്ടാക്കുകയെന്നും മന്ത്രി പാലക്കാട് പറഞ്ഞു.
ആണവനിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി വാർത്താക്കുറിപ്പിലും അറിയിച്ചുതമിഴ്നാട്ടിലെ കൽപ്പാക്കത്ത് തോറിയം ഉപയോഗിച്ചുള്ള റിയാക്ടർ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച് വിജയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പഠിക്കാൻ കെഎസ്ഇബി സംഘം പോയിരുന്നു.
കുറഞ്ഞനിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്ന കരാർ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കാനിടയുണ്ട്. ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്ന് വാങ്ങണം. ഇപ്പോൾത്തന്നെ കൂടംകുളം ആണവ വൈദ്യുതനിലയത്തിൽനിന്ന് 266 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നുണ്ട്. ഇതിനുപുറമേ മറ്റ് ആണവ വൈദ്യുത നിലയങ്ങളിൽനിന്ന് വൈദ്യുതി ലഭിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 13,2 80 കോടിരൂപയാണ് വൈദ്യുതി വാങ്ങാൻ ചെലവഴിച്ചത്.