പാരിസ്> ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ ഇന്ത്യൻ കുപ്പായമഴിച്ചു. പാരിസ് ഒളിമ്പിക്സ് ഡബിൾസിൽ ആദ്യ റൗണ്ട് തോൽവിക്കു പിന്നാലെയാണ് നാൽപത്തിനാലുകാരന്റെ തീരുമാനം. എൻ ശ്രീരാം ബാലാജിക്കൊപ്പമാണ് ഡബിൾസിൽ ഇറങ്ങിയത്. ഫ്രാൻസിന്റെ ഗയേൽ മോൺഫ്ലിസ്–-എഡ്വേർഡ് റോജർ വാസെലിൻ കൂട്ടുകെട്ടിനോട് 5–-7, 2–-6ന് തോറ്റിരുന്നു.
പ്രഫഷണൽ ടെന്നീസിൽ തുടരും. കർണാടക സ്വദേശിയായ ബൊപ്പണ്ണ 22 വർഷം ഇന്ത്യൻ ജേഴ്സിയിൽ തിളങ്ങി. ഇക്കുറി മൂന്നാമത്തെ ഒളിമ്പിക്സാണ്. ഡബിൾസിൽ ഈവർഷം മാത്യു എബ്ഡനൊത്ത് ഓസ്ട്രേലിയൻ ഓപ്പൺ നേടിയിരുന്നു. യുഎസ് ഓപ്പണിൽ 2010ലും 2023ലും റണ്ണറപ്പായി.
രണ്ട് പതിറ്റാണ്ട് ഇന്ത്യക്കായി കളിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ബൊപ്പണ്ണ പറഞ്ഞു. ഇന്ത്യൻ ജേഴ്സിയിൽ അവസാന മത്സരമാണ് പൂർത്തിയാക്കിയത്. 2026 ഏഷ്യൻ ഗെയിംസിനുണ്ടാവില്ല. ഡേവിസ് കപ്പിൽനിന്നും നേരത്തെ വിടവാങ്ങൽ പ്രഖ്യാപിച്ചിരുന്നു.