കൊല്ലം > കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർണാടകയിൽ എൽഎൽബിക്ക് പഠിക്കാനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമ ആവശ്യപ്പെട്ടത്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ മാസവും മൂന്നാം ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കൊല്ലം ജില്ലയിൽ പ്രവേശിക്കരുതെന്നുമാണ് ജാമ്യ വ്യവസ്ഥകൾ.
നേരത്തെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജാമ്യം തള്ളിയിരുന്നു. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് അനുപമ. 2023 നവംബർ 27-നാണ് ഓയൂരിൽ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ, അമ്മ അനിത എന്നിവരും പ്രതികളാണ്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. ഡിസംബർ ഒന്നിന് തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.