തിരുവനന്തപുരം > സ്വാതന്ത്ര്യസമരത്തിന്റെ ഓർമ്മകൾ ഇല്ലാതെയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും സാമൂഹ്യപ്രവർത്തകനുമായ ആനന്ദ് പട്വർദ്ധൻ. ഐഡിഎസ്എഫ്എഫ്കെ യിൽ വസുധൈവ കുടുംബകം എന്ന തന്റെ ഡോക്യുമെന്ററിയുടെ പ്രദർശനത്തിനുശേഷം ദേശാഭിമാനി ഓൺലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബിജെപിക്ക് സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ല. സവർക്കർ മാത്രമാണ് ആദ്യകാലത്ത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ജയിലിൽ പോവുകയും ചെയ്തത്. എന്നാൽ ജയിലിൽ കിടന്ന കാലത്ത് തന്റെ മോചനത്തിനായി അഞ്ചുതവണ ബ്രിട്ടീഷുകാരോട് മാപ്പെഴുതി ചോദിക്കുകയാണ് അയാൾ ചെയ്തത്. തങ്ങൾക്ക് ഒരു പങ്കുമില്ലാത്ത സ്വാതന്ത്ര്യസമരത്തിന്റെ ഓർമ്മകൾ ജനങ്ങളുടെ ഓർമകളിൽ നിന്നു മായ്ക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. അതിനുവേണ്ടി അവർ ചരിത്രം വളച്ചൊടിക്കുകയാണ്. അതുകൊണ്ടാണ് വസുധൈവ കുടുംബകം എന്ന ഡോക്യുമെന്ററി ചെയ്യാൻ ഞാൻ തീരുമാനിച്ചത്. അല്ലെങ്കിൽ ഇത് ചെയ്യില്ലായിരുന്നു. കാരണം ഇത് അത്രക്ക് പേഴ്സണൽ ആണ്,” പട്വർദ്ധൻ പറഞ്ഞു.
ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി ഭരണത്തിലിരിക്കുന്ന കാലമത്രയും അവർ വെറുപ്പും വിദ്വേഷവും വിതച്ചുകൊണ്ടേയിരിക്കും. അവർക്ക് അറിയാവുന്ന ഒരേ ഒരു കാര്യം അതാണ്. അങ്ങനെ വെറുപ്പ് ഉൽപാദിപ്പിച്ചു കൊണ്ടു മാത്രമേ അവർക്ക് അധികാരം നിലനിർത്താൻ സാധിക്കൂ. ബ്രിട്ടീഷുകാർ ചെയ്തതുപോലെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ബിജെപിയും നടപ്പിലാക്കുന്നത്. വലിയ ബിസിനസ്സുകാർ അവരുടെ തണലിലാണ് വളരുന്നത്. അവർ പ്രോ ബിഗ് ബിസ്സിനസ്സാണ്. എന്നാൽ എനിക്ക് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷ നൽകുന്നതാണ്. ജനങ്ങളെ എല്ലാക്കാലത്തും മണ്ടന്മാരാക്കാൻ കഴിയില്ല എന്നതിനു തെളിവാണ് അത്. യഥാർത്ഥത്തിൽ ബിജെപി ഈ തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതല്ലായിരുന്നു എന്നും പട്വർദ്ധൻ പറഞ്ഞു.
രാം കെ നാം, റീസൺ തുടങ്ങിയ ഡോക്യുമെന്ററികളുടെ സംവിധായകനായ ആനന്ദ് പട്വർദ്ധൻ വസുധൈവ കുടുംബകത്തിൽ തന്റെ വീടിനുള്ളിലേക്കാണ് ക്യാമറ ഫോക്കസ് ചെയ്യുന്നത്. ഒരു ഓർമപ്പുസ്തകം പോലെ അച്ഛനോടും അമ്മയോടുമൊപ്പമുള്ള നിമിഷങ്ങൾ പകർത്തുകയായിരുന്നു ആദ്യം അദ്ദേഹത്തിന്റെ ലക്ഷ്യം. ഇടയ്ക്ക് എപ്പോഴോ അവരെ അഭിമുഖം ചെയ്യാൻ തുടങ്ങി. എന്നാൽ അന്നൊന്നും ഇത് ഒരു ഡോക്യുമെന്ററി ആക്കണമെന്നോ അച്ഛനോടും അമ്മയോടുമൊപ്പമുള്ള തന്റെ സ്വകാര്യ നിമിഷങ്ങളെ പരസ്യമാക്കണമെന്നോ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ആനന്ദ് പട്വർദ്ധന്റെ മുത്തച്ഛനും അച്ഛനും അമ്മയും അമ്മാവന്മാരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരാണ്. അവരുടെ ഓർമകളിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം തന്നെയാണ് പട്വർദ്ധൻ രേഖപ്പെടുത്തുന്നത്.