തിരുവനന്തപുരം > തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വായുഗുണനിലവാരം ഇനി സ്വയം പ്രവർത്തിക്കുന്ന ഇൻഡോർ എയർ ക്വാളിറ്റി മോണിറ്ററുകൾ നിരീക്ഷിക്കും. സിഎസ്ഐആർ- എൻഐഐഎസ്ടി വികസിപ്പിച്ച മോണിറ്ററുകൾ വിമാനത്താവളത്തിൽ സ്ഥാപിച്ചു.
സിഎസ്ഐആർ ഡയറക്ടർ ജനറൽ ഡോ. എൻ കലൈശെൽവി ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്കോട്ടിക്ക് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ കൈമാറി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സഹകരണങ്ങൾക്കായി സിഎസ്ഐആർ -എൻഐഐഎസ്ടിയും തിരുവനന്തപുരം വിമാനത്താവളവും തമ്മിൽ ധാരണപത്രം ഒപ്പുവച്ചു.
പാപ്പനംകോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസ്ടി) ആണ് തദ്ദേശീയമായ ഇൻഡോർ സോളാർ സെല്ലുകൾ വികസിപ്പിച്ചത്. വിവിധ നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമായ കസ്റ്റം-ഡിസൈൻ ചെയ്ത ഡൈ-സെൻസിറ്റൈസ്ഡ് സോളാർ മൊഡ്യൂളുകളാണ് മോണിറ്ററിൽ ഉപയോഗിക്കുന്നതെന്ന് സിഎസ്ഐആർ- എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി അനന്തരാമകൃഷ്ണൻ പറഞ്ഞു.
ടെമ്പറേച്ചർ,ഹ്യുമിഡിറ്റി , കാർബൺ ഡയോക്സൈസ് , കാർബൺ മോണോക്സൈഡ് സെൻസർ, വൊളറ്റൈൽ ഓർഗാനിക് കോമ്പൗണ്ട്, എയർ ക്വാളിറ്റി ഇൻഡക്സ് എന്നീ ഘടകങ്ങളടങ്ങുന്നതാണ് മോണിറ്റർ. സ്ക്രീനിൽ വിവരങ്ങൾ കാണാനാകും. സ്മാർട്ട് ഫോണിലും എയർപോർട്ടിലെ ഡിസ്പ്ലേ സ്ക്രീനിലും വിവരങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുന്ന ആപ് എൻഐഐഎസ്ടി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.