തിരുവനന്തപുരം
കോൺഗ്രസ് നേതൃത്വത്തിൽനിന്ന് വാർത്തകൾ ചോരുന്നതിനെതിരെ ഹൈക്കമാൻഡ്. അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് കെപിസിസി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി കത്തുനൽകി. അതേസമയം, കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്നതടക്കമുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാതികൾ ഹൈക്കമാൻഡ് മുഖവിലക്കെടുത്തിട്ടില്ല. സതീശനെതിരെ സംസ്ഥാനത്ത് പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്. സുധാകരനെ മറികടന്ന് സതീശൻ സൂപ്പർ പ്രസിഡന്റാകുന്നു എന്നതടക്കം ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനിടെയിലാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ.
പാർട്ടിക്കുള്ളിൽ നടക്കുന്ന രഹസ്യസ്വഭാവമുള്ള ചർച്ചകൾ പോലും മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് പതിവായിരിക്കുകയാണ്. നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ നിർണായക ഘട്ടങ്ങളിൽ കോൺഗ്രസിന് ദോഷമായി മാറുകയാണ്. ഇക്കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും ദീപ ദാസ്മുൻഷി നിർദേശിച്ചിട്ടുണ്ട്.
വയനാട്ടിൽ നടന്ന നേതൃക്യാമ്പിന് പിന്നാലെ കോൺഗ്രസിൽ ഉടലെടുത്ത തർക്കങ്ങൾ അതിരൂക്ഷതലത്തിലേക്ക് എത്തിയിരിക്കുന്നു എന്ന സൂചനയാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ വ്യക്തമാക്കുന്നത്. ഹൈക്കമാൻഡ് നടപടികൾ സുധാകരന് കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തന്റെ വിശ്വസ്തനായ എം ലിജുവിനെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയാക്കാനുള്ള നീക്കം സുധാകരൻ നടത്തിയത്. വി ഡി സതീശനും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിർന്ന നേതാക്കൾ ഇതിനെ എതിർക്കുകയാണ്. ഗ്രൂപ്പുവഴക്കിൽ സുധാകരന്റെ വലംകെെയായി നിൽക്കുന്നുവെന്നത് മാത്രമാണ് ലിജുവിന്റെ യോഗ്യതയെന്നാണ് വിമർശം.
ഉപതെരഞ്ഞെടുപ്പ് ചുമതലയിൽ
‘സുധാകര മേധാവിത്വം’
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ ഏകോപന ചുമതല സുധാകര പക്ഷത്തിന്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് സുധാകരൻ തനിക്കൊപ്പം നിൽക്കുന്നവരെ ഉപതെരഞ്ഞെടുപ്പ് ചുമതലയേൽപ്പിച്ചിരിക്കുന്നത്. പാലക്കാട് കെപിസിസി ജനറൽ സെക്രട്ടറി ബി എ അബ്ദുൽ മുത്തലിബ്, വി ബാബുരാജ് എന്നിവർക്കും ചേലക്കര കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി പി എം നിയാസ് എന്നിവർക്കുമാണ് ചുമതല.