പാരിസ്
പാരിസിലെ ലാ ഡിഫൻസ് അരീന. നൂറ്റാണ്ടിലെ പോരെന്ന് പേരുകേട്ട മത്സരത്തിന് അരങ്ങൊരുങ്ങി. ഇനം–- വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ. ഓസ്ട്രേലിയക്കാരി അറിയാർനെ ടിറ്റ്മസ്. അമേരിക്കയുടെ വിഖ്യാത താരം കാറ്റി ലെഡേക്കി. ക്യാനഡയുടെ കൗമാരക്കാരി സമ്മർ മക്കിന്റോഷ്. മൂവരും ലോകറെക്കോഡുകാർ.
ഒരിക്കൽക്കൂടി ഒളിമ്പിക് നീന്തൽക്കുളം ടിറ്റ്മസിന്റെ പേരിൽ തിര ഉയർത്തി. മൂന്നു മിനിറ്റ് 57.49 സെക്കൻഡിൽ സ്വർണം. മക്കിന്റോഷിന് വെള്ളി. ഏഴ് ഒളിമ്പിക് സ്വർണമെഡലിന് ഉടമയായ ലെഡേക്കി മൂന്നാമതെത്തി.
ലെഡേക്കിയെ ആദ്യമായി 400 മീറ്ററിൽ കീഴടക്കിയ ടിറ്റ്മസ് പിന്നെ തിരിഞ്ഞുനോക്കിയില്ല. 2019 ലോകചാമ്പ്യൻഷിപ്, പിന്നാലെ ടോക്യോ ഒളിമ്പിക്സ്, 2022ലെ കോമൺവെൽത്ത് ഗെയിംസ്, കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻഷിപ്. ടിറ്റ്മസിന് എതിരുണ്ടായിരുന്നില്ല. 2018നുശേഷം 400ൽ തോറ്റിട്ടില്ല. ലെഡേക്കി 2014 മുതൽ 2022 വരെ ഈ ഇനത്തിൽ ലോകറെക്കോഡ് പുതുക്കിക്കൊണ്ടിരുന്നു. രണ്ട് വർഷം മുമ്പ് ടിറ്റ്മസ് അത് തിരുത്തി. കഴിഞ്ഞ വർഷം മക്കിന്റോഷ് പുതിയ സമയം കുറിച്ചു. മാസങ്ങളുടെ ഇടവേളയിൽ വീണ്ടും ടിറ്റ്മസ് റെക്കോഡ് തിരിച്ചുപിടിച്ചു. അണ്ഡാശയത്തിലെ മുഴ നീക്കിയതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു ഇരുപത്തിമൂന്നുകാരി. ഒളിമ്പിക് സ്വപ്നവുമായി അവൾ തിരിച്ചെത്തി. ആദ്യ 250 മീറ്ററിൽ മിന്നൽവേഗത്തിൽ നീന്തി വീണ്ടും റെക്കോഡ് (മൂന്ന് മിനിറ്റ് 55.38 സെക്കൻഡ്) തിരുത്തുമെന്ന പ്രതീതി ഉയർത്തി. ലെഡേക്കി ടോക്യോയിൽ വെള്ളി നേടിയിരുന്നു. മക്കിന്റോഷ് നാലാമതായിരുന്നു.
വനിതകളുടെ 4–-100 മീറ്റർ റിലേയിലും ഓസ്ട്രേലിയക്കാണ് സ്വർണം. മെഗ് ഹാരിസ്, മോലി ഒക്ലാഗൻ, ഷെയ്ന ജാക്ക്, എമ്മ മെക്കേൻ എന്നിവരടങ്ങിയ സംഘം മൂന്നു മിനിറ്റ് 28.92 സെക്കൻഡിൽ നീന്തിയെത്തി പുതിയ ഒളിമ്പിക് റെക്കോഡും കുറിച്ചു. അമേരിക്ക വെള്ളിയും (മൂന്നു മിനിറ്റ് 30.20 സെക്കൻഡ്) ചൈന വെങ്കലവും (മൂന്നു മിനിറ്റ് 30.30 സെക്കൻഡ്) നേടി. ടോക്യോയിൽ ഒമ്പത് സ്വർണമടക്കം 20 മെഡലുകളാണ് ഓസ്ട്രേലിയ നിന്തൽക്കുളത്തിൽനിന്ന് വാരിയത്.
പുരുഷൻമാരുടെ 4–-100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഒന്നാമതെത്തി അമേരിക്ക പാരിസ് ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടി. ജാക്ക് അലക്സി, ക്രിസ് ഗുല്ലിയാനോ, ഹണ്ടർ ആംസ്ട്രോങ്, കേൽബ് ഡ്രെസെൽ എന്നിവരടങ്ങിയ അമേരിക്കൻ സംഘം മൂന്നു മിനിറ്റ് 9.28 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി. ടോക്യോയിലെ നീന്തൽക്കുളത്തിൽ അമേരിക്ക 11 സ്വർണം നേടിയിരുന്നു. ഓസ്ട്രേലിയൻ ടീം മൂന്നു മിനിറ്റ് 10.35 സെക്കൻഡിൽ നീന്തിയെത്തി വെള്ളി നേടി. ഇറ്റലിക്കാണ് വെങ്കലം (മൂന്ന് മിനിറ്റ് 10.70 സെക്കൻഡ്).
പുരുഷൻമാരുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ ജർമനിയുടെ ലൂക്കാസ് മാർട്ടിൻസ് പൊന്നണിഞ്ഞു. ഓസ്ട്രേലിയയുടെ എലിയ വിന്നിങ്ടൺ വെള്ളിയും ദക്ഷിണ കൊറിയയുടെ വൂമിൻ കിം വെങ്കലവും നേടി.