കോഴിക്കോട് > ഉത്തര കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് കുടുംബം. അർജുനായുള്ള തിരച്ചിൽ നിർത്തരുതെന്നും പറ്റുന്നത്രയും സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തിരച്ചിൽ മുന്നോട്ടു കൊണ്ട് പോകണമെന്നും അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
തിരച്ചിൽ നിർത്തുന്നു എന്ന് കേട്ടത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതീക്ഷയോടെയാണ് കഴിഞ്ഞത്. പുഴയിൽ തെരയുമ്പോഴുള്ള പ്രയാസങ്ങൾ ഞങ്ങൾക്ക് മനസിലാവും. എന്നാൽ പറ്റുന്നത്രയും തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകണം. ലഭ്യമായ പരമാവധി സാങ്കേതികസഹായങ്ങൾ എത്തിച്ച് തെരച്ചിൽ തുടരണം. ലോറി കണ്ടുവെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്, പിന്നീട് അതേക്കുറിച്ച് യാതൊരു വിവരവും ഇല്ല. ഇക്കാര്യത്തില് വിഷമമുണ്ട്- അർജുന്റെ അമ്മയും സഹോദരിയും പറഞ്ഞു.
വൈകിട്ടോടെയാണ് ഷിരൂരിലെ രക്ഷാപ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് കർണാടകം അറിയിച്ചത്. കാലാവസ്ഥ പ്രതികൂലമാണെന്നും ഇനി തിരച്ചിൽ അസാധ്യമാണെന്നും പറഞ്ഞാണ് രക്ഷാപ്രവർത്തനം നിർത്തിയത്. നദിയിൽ അടിയൊഴുക്ക് ശക്തമായതിനാൽ മുങ്ങൽവിദഗ്ധർക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മാൽപെയും സംഘവും എത്തിയിരുന്നെങ്കിലും അടിയൊഴുക്ക് ശക്തമായതിനാൽ നദിയുടെ അടിത്തട്ടിലേക്കിറങ്ങാൻ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് 21ദിവസം മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തുടർന്നാണ് തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന് സർക്കാർ അറിയിച്ചത്.
തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു.
“ഞങ്ങൾക്ക് വേണം, അവന്റെയൊരു ഷർട്ടെങ്കിലും’
‘‘പതിമൂന്നു ദിവസവും ഞങ്ങൾ കഴിഞ്ഞത് ചെറിയ പ്രതീക്ഷയോടെയായിരുന്നു. എല്ലാ രാത്രികളും ഞങ്ങളവന് കാവൽനിൽക്കുമ്പോലെയാണ് ഉറക്കം നഷ്ടപ്പെട്ട് ഇരുന്നത്. ചെറിയ പെണ്ണാണ് അവന്റെ ഭാര്യ’’– അർജുന്റെ അമ്മ ഷീല വിങ്ങിപ്പൊട്ടി. തിരച്ചിൽ നിർത്താനുള്ള കർണാടക സർക്കാരിന്റെ നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
പുഴയിൽ തിരയുമ്പോഴുള്ള പ്രയാസങ്ങൾ മനസ്സിലാകും. യാഥാർഥ്യവുമായി പൊരുത്തപ്പെട്ടുവരികയാണ്. പക്ഷേ അവന്റേതായ എന്തെങ്കിലുമൊന്നുകിട്ടാതെ എങ്ങനെയാണ് അവൻ പോയെന്ന് ഞങ്ങൾ വിശ്വസിക്കേണ്ടത്. ക്യാബിൻ കണ്ടെത്തുമെന്ന് നല്ല പ്രതീക്ഷയിലായിരുന്നു ഓരോ ദിവസവും. അർജുന്റേതായ എന്തെങ്കിലും അടയാളം അതിൽനിന്ന് ഞങ്ങൾക്ക് വേണം. അവന്റെയൊരു ഷർട്ടെങ്കിലും– ഷീല വിതുമ്പി.