തിരുവനന്തപുരം
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് വി ഡി സതീശനെതിരെ രൂക്ഷ വിമർശമുന്നയിച്ചതിന് പിന്നാലെ ഹൈക്കമാൻഡും സതീശനെ കൈവിടുന്നു. സതീശൻ സുധാകരനെതിരെ ശക്തമായി പ്രതികരിച്ചിട്ടും എഐസിസി നേതൃത്വം സംഭവത്തിൽ ഗൗരവത്തോടെ ഇടപെട്ടില്ല.
രമേശ് ചെന്നിത്തല, കെ മുരളീധരൻ അടക്കമുള്ള മുതിർന്ന നേതാക്കളും കെപിസിസി ഭാരവാഹികളും സതീശനെതിരെ തിരിഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി. പുനഃസംഘടനയ്ക്കു മുന്നോടിയായി ചില അഴിച്ചുപണിക്കുള്ള നീക്കവും ആരംഭിച്ചു. സതീശൻ ആവശ്യപ്പെട്ട നടപടികളിലേക്ക് കടക്കാതെ, വാർത്ത പുറത്തുവിട്ടത് അന്വേഷിക്കുമെന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്.
കോൺഗ്രസിന്റെ തദ്ദേശതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായുള്ള മിഷൻ 25 റിപ്പോർട്ട് ചെയ്യാൻ വിളിച്ച് ചേർത്ത ഡിസിസി യോഗം ബഹിഷ്കരിച്ച സതീശന്റെ പ്രതിഷേധം ഹൈക്കമാൻഡ് വകവയ്ക്കാത്തത് പുതിയ മാറ്റങ്ങളുടെ സൂചനയാണ്. വേണുഗോപാലിന്റെ പിന്തുണ സതീശന് നഷ്ടപ്പെട്ടെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
അടിയന്തര കെപിസിസി യോഗത്തിൽ പഴകുളം മധുവിനെ പോലുള്ള അടിയുറച്ച വേണുഗോപാൽ അനുകൂലികൾ സതീശനെ വിമർശിച്ചിരുന്നു. കെ മുരളീധരൻ പരസ്യമായും ചെന്നിത്തല പരോക്ഷമായും പറഞ്ഞത് കെപിസിസിയുടെ അധികാരത്തിൽ മറ്റാർക്കും ഇടപെടാൻ അവകാശമില്ലെന്നാണ്. കെ സുധാകരനെ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കാൻ നാളുകളായുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നുമാത്രമല്ല, സ്വന്തം ശേഷി ചോരുന്ന അവസ്ഥയാണ് സതീശന്. കെപിസിസി പ്രസിഡന്റിനെ മാറ്റാൻ എഐസിസിക്ക് മാത്രമാണ് അധികാരമെന്നും നേതൃമാറ്റമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവിനും ബാധകമാണെന്നുമാണ് സുധാകരനൊപ്പമുള്ളവരുടെ നിലപാട്.
യോജിച്ച സ്വരം വേണമെന്ന് വയനാട് യോഗത്തിൽ തീരുമാനമെടുത്തശേഷം അത് ലംഘിച്ചത് സതീശനാണെന്നാണ് ഇവർ ഉന്നയിക്കുന്ന പ്രധാന വിമർശനം. സ്വന്തമായി ഗ്രൂപ്പോ ജില്ലകളിൽ അനുയായികളോ ഇല്ലാതെ ഏകനായി കണ്ണൂരിൽനിന്ന് വന്ന കെ സുധാകരനുമായുള്ള ബലാബലത്തിൽ സതീശൻ പിന്തള്ളപ്പെടുന്നതാണ് ഇപ്പോഴത്തെ തർക്കത്തിൽ കാണുന്നത്.
എം ലിജു താക്കോൽസ്ഥാനത്തേക്ക്
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജുവിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കണമെന്ന് കെ സുധാകരൻ. വി ഡി സതീശനുമായുള്ള കലാപത്തിൽ തന്റെ വലംകൈയായ ലിജുവിനെ പ്രധാന സ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യം. വിഷയം ഹെെക്കമാൻഡിൽ ഉന്നയിച്ചു. കെ സി വേണുഗോപാലിനും ഇക്കാര്യത്തിൽ എതരഭിപ്രായമില്ലെന്നാണ് വിവരം. ടി യു രാധാകൃഷ്ണനാണ് നിലവിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് ശേഷം പുനഃസംഘടനയുണ്ടാകും. അതിനുമുൻപേ ലിജുവിനെ ഈ പദവിയിൽ എത്തിക്കുകയാണ് ലക്ഷ്യം.
സുധാകരനെ പിന്തുണച്ച് മുരളി ; പിണക്കം കടുപ്പിച്ച് സതീശൻ
കെപിസിസി അധ്യക്ഷൻ കെ സുധാകരനും കൂട്ടരും തന്നെ അറിയിക്കാതെ യോഗം വിളിച്ച് ആക്ഷേപിച്ചതിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായുള്ള മിഷൻ 25 ന്റെ ഭാഗമായി ശനിയാഴ്ച ചേർന്ന കോട്ടയം ഡിസിസി യോഗവും ബഹിഷ്കരിച്ചു. സുധാകരനൊപ്പം സഹകരിച്ച് പോകാൻ ബുദ്ധിമുട്ടാണെന്ന് ഹൈക്കമാൻഡിനെ അറിയിച്ചതിന് പിന്നാലെയാണിത്.
യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ വയനാട് ക്യാമ്പിൽ ചുമതലപ്പെടുത്തിയ കാര്യങ്ങൾ മാത്രമാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നുള്ളുവെന്നും സുധാകരനൊപ്പമുള്ള ചില ജനറൽ സെക്രട്ടറിമാരാണ് ‘ സൂപ്പർ പ്രസിഡന്റ് ’ ചമയുന്നതെന്നും സതീശൻ ക്യാമ്പ് വാദിക്കുന്നു. അതേസമയം, യുഡിഎഫ് ചെയർമാൻ യുഡിഎഫിന്റെ കാര്യവും കെപിസിസി അവരുടെ കാര്യവും നോക്കുന്നതാണ് ശരിയെന്നും അതാണ് കീഴ്വഴക്കമെന്നും കെ മുരളീധരനും തുറന്നടിച്ചു. ഇപ്പോഴത്തെ തർക്കത്തിൽ സുധാകരനാണ് ശരിയെന്ന നിലപാടാണ് അദ്ദേഹത്തിന്. ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് വാർത്തകൊടുക്കുന്നവരെ കണ്ടെത്തുമെന്നും നടപടിയുണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
വിമർശനത്തിന് വിധേയനാണെന്നും തിരുത്തുമെന്നും പറയുന്നുണ്ടെങ്കിലും തന്നെ അറിയിക്കാതെ യോഗം വിളിച്ച് ആരോപണങ്ങൾ ഉന്നയിച്ചതിൽ സുധാകരനെതിരെ കടുത്ത രോഷത്തിലാണ് സതീശൻ. അധികാരത്തിൽ കൈകടത്തിയാൽ നിയന്ത്രിക്കാൻ അറിയാം എന്ന സുധാകരന്റെ മുനവച്ച ‘ ഡയലോഗും ’ കാണുമ്പോഴൊക്കെ ചായ വാങ്ങികൊടുക്കാറുണ്ടെന്ന പരിഹാസവും ആക്ഷേപിച്ചതിന് തുല്യമാണെന്ന വിലയിരുത്തലിലാണ് സതീശൻ ക്യാമ്പ്.