കൊല്ലം
കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടി മെഗാ നറുക്കെടുപ്പിൽ കൊടുങ്ങല്ലൂർ ചേത്തല ഈശ്വരമംഗലത്ത് ഇ എം ആദർശ് ഒന്നാംസമ്മാനമായ 25 ലക്ഷം രൂപ വിലയുള്ള ഡയമണ്ട് ആഭരണത്തിന് (അല്ലെങ്കിൽ 25 ലക്ഷം രൂപ) അർഹനായി. കെഎസ്എഫ്ഇ പെരിങ്ങനം ശാഖാംഗമാണ് ആദർശ്. സിങ്കപ്പൂരിൽ ഐടി മേഖലയിൽ ജീവനക്കാരനാണ്. ഡയമണ്ട് ചിട്ടി 2.0യിൽ ആലപ്പുഴ ചൂളതെരുവ് മുതുകുളം നോർത്ത് രാധാമന്ദിരത്തിൽ സരസൻ ഒന്നാം സമ്മാനമായ 15 ലക്ഷം രൂപ നേടി. മുതുകുളം ശാഖാംഗമാണ് സരസൻ. ഡയമണ്ട് ചിട്ടിയിൽ 17 മേഖലയിലായി 4.5 ലക്ഷം രൂപ വീതം 17 പേർക്ക് സമ്മാനം ലഭിച്ചു. ഡയമണ്ട് ചിട്ടി 2.0ൽ 17 മേഖലയിലായി 34 പേർക്ക് 2.5 ലക്ഷം രൂപ വീതമാണ് സമ്മാനം. മേഖലാതല സമ്മാനങ്ങളിലും സമ്മാനത്തുക അല്ലെങ്കിൽ തത്തുല്യ ഡയമണ്ട് ആഭരണങ്ങൾ ലഭിക്കും. ആകെ 8.46 കോടി രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്.
കൊല്ലം എസ്എൻഡിപി യോഗം ധ്യാനമന്ദിരത്തിൽ നടന്ന മെഗാ നറുക്കെടുപ്പ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. ബംബർ സമ്മാനാർഹരെ മന്ത്രി ഫോണിൽ വിളിച്ച് അറിയിച്ചു. ചടങ്ങിൽ എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ലോട്ടറി ഡെപ്യൂട്ടി ഡയറക്ടർ എം രാജ്കപൂർ, കെഎസ്എഫ്ഇഒയു ജനറൽ സെക്രട്ടറി എസ് അരുൺബോസ്, കെഎസ്എഫ്ഇഒഎ ജനറൽ സെക്രട്ടറി എസ് സുശീലൻ, എഫ്ഇഇഎ ജനറൽ സെക്രട്ടറി എസ് വിനോദ് എന്നിവർ സംസാരിച്ചു. കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ എസ് കെ സനിൽ നന്ദി പറഞ്ഞു. 2023–-24ൽ ഡയമണ്ട് ചിട്ടി പദ്ധതികളിലൂടെ 940.10 കോടി രൂപയുടെ ബിസിനസാണ് കെഎസ്എഫ്ഇ നടത്തിയത്.