തിരുവനന്തപുരം> വി ഡി സതീശന് സുധാകരന് തര്‍ക്കത്തില്‍ പ്രതികരണവുമായി നേതാക്കള്‍. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടേണ്ടതില്ലെന്ന് എം കെ രാഘവന് എം പി പറഞ്ഞു. വിഷയം പാര്‍ട്ടിക്കുള്ളില്‍ തന്നെ തീരുമെന്നും രാഘവന് പ്രതികരിച്ചു
വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്നായിരുന്നു മുതിര്‍ന്ന നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. പാര്‍ട്ടിക്കുള്ളിലെ വാര്‍ത്തകള്‍ ചോര്‍ത്തുന്നത് ഇരുട്ടിന്റെ സന്തതികളാണെന്ന് കെ മുരളീധരനും വ്യക്തമാക്കി. ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റ നേതാക്കള്‍ വിഷയത്തില്‍ ഇടപെടുന്നത്.
വിമര്ശനത്തിനില്ലെന്ന് പറയുമ്പോഴും യോഗത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയത് ആരെന്ന് കണ്ടുപുടിക്കാന് വെല്ലുവിളിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കെപിസിസിയുടെ അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കുമെന്ന്
സുധാകരനും മുന്നറിയിപ്പ് നല്കി. സതീശന്റെ ഏകപക്ഷീയ നീക്കങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ഇത്. പാര്‍ട്ടിയിലില്ലാത്ത അധികാരം പ്രതിപക്ഷ നേതാവ് പ്രയോഗിക്കുന്നു എന്നായിരുന്നു ഡിസിസി ഭാരവാഹികളുടെ പരാതി. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്, തനിക്കെതിരെയുള്ള വിമര്‍ശനത്തിന് ഒരു പരാതിയുമില്ല. അതേസമയം, വിമര്‍ശനം വാര്ത്തയായതില് അതൃപ്തിയുണ്ട്- അദ്ദേഹം പറഞ്ഞു
അതേസമയം, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ക്യാമ്പ് എക്സിക്യൂട്ടീവില്‍ നിന്നും സതീശന് വിട്ടുനിന്നിരുന്നു. വയനാട് തീരുമാനങ്ങളെ ചൊല്ലിയാണ് രൂക്ഷമായ തര്‍ക്കം ഉടലെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല വി ഡി സതീശന് നല്‍കിയിരുന്നു. അവസരം ഉപയോഗിച്ച് ഡിസിസികളെ നേരിട്ട് നിയന്ത്രിക്കാന്‍ സതീശന് ശ്രമിച്ചതും സ്വന്തം നിലയില്‍ സര്‍ക്കുലര്‍ ഇറക്കിയതുമാണ് സുധാകരനൊപ്പമുള്ളവരെ ചൊടിപ്പിച്ചത്. ജില്ലാ ചുമതല നല്കിയ ചില നേതാക്കള്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരേക്കാള് മുകളിലാണെന്ന വിധം ഇടപെട്ടതും പ്രശ്നമായി.
ഇതോടെയാണ് സുധാകരനൊപ്പമുള്ള ജയന്ത്, എം ലിജു, ടി യു രാധാകൃഷ്ണന്, നസീര്‍ എന്നിവര്‍ യോഗം വിളിച്ചത്. സുധാകരന് ഡല്‍ഹിയില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുത്തു. ‘സൂപ്പര്‍ പ്രസിഡന്റ് ‘ ചമയുന്നു, വയനാട് തീരുമാനങ്ങളുടെ വാര്‍ത്ത ചോര്‍ത്തി തുടങ്ങി യോഗത്തില്‍ പങ്കെടുത്ത 20 ലധികം ഭാരവാഹികളും പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു.
സതീശന് നല്കിയ വാട്സാപ്പ് സന്ദേശത്തിനു പിന്നാലെ കെപിസിസി വിശദമായ മാര്‍ഗരേഖ ഡിസിസികള്‍ക്ക് അയച്ചതും പാര്‍ട്ടിയിലെ ഏറ്റുമുട്ടലിന്റെ ഭാഗമാണ്.